കഴുത്തില്‍ കുരുക്കുമിട്ട് കയ്യില്‍ മണ്ണെണ്ണക്കുപ്പിയുമായി വന്‍മരത്തില്‍ കയറിയിരുന്ന് മണിക്കൂറുകളോളം പൊലീസിനെയും ഫയര്‍ഫോഴ്‌സിനേയും വട്ടം ചുറ്റിക്കുന്ന സമരക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ കുറച്ചുനാളായി സെക്രട്ടേറിയറ്റിന് മുന്നിലെ ആത്മഹത്യം ഭീഷണി ഒരു സ്ഥിരം സമരമാര്‍ഗ്ഗം തന്നെ ആയിമാറിയിട്ടുമുണ്ട്. ഇതിനെന്ത് പ്രതിവിധിയെന്ന് പൊലീസ് തലപുകഞ്ഞാലോചിച്ചു. ഒടുവില്‍ ഒരു ഉഗ്രന്‍ ഐഡിയയാണ് കണ്ടെത്തിയത്.

പ്രശ്നങ്ങള്‍ക്കൊക്കെ കാരണം സെക്രട്ടേറിയറ്റിന് മുന്നിലെ പാവം രണ്ട് വന്‍മരങ്ങളാണെന്നാണ് കണ്ടെത്തിയത്. രണ്ടിലും മുള്ളുകമ്പി കെട്ടി ചുറ്റി അടിമുടി വരിഞ്ഞെടുക്കാനാണ് കരാര്‍. മരത്തിന്റെ താഴെ മുതല്‍ ചില്ലകളിലെല്ലാം മുള്ളുവേലി കൊണ്ട് വലയം തീര്‍ക്കും. അത്ര പെട്ടെന്നൊന്നും മരത്തില്‍ ഇനി ആര്‍ക്കും വലിഞ്ഞ് കേറാനാവില്ല. എന്നാല്‍ എന്തിനും തയ്യാറായി വരുന്നവര്‍ക്ക് മുന്നില്‍ മുള്ളു വേലി ഒരു തടസമാകുമോ എന്നാണ് അടുത്ത ചോദ്യം. മുന്‍പത്തെ അത്ര എളുപ്പത്തില്‍ ആരും മരത്തില്‍ പാഞ്ഞു കയറില്ലല്ലോ എന്നാണ് കന്റോണ്‍മെന്റ് പൊലീസിന്റെ മറുപടി. കാര്യമെന്തായാലും പണികിട്ടിയത് സമരക്കാര്‍ക്കാണോ പണം മുടക്കിയ പൊലീസിനാണോ എന്ന് ഇനി വരും കാലം പറയും.