മൊഴിയെടുപ്പ് പൂര്‍ത്തിയായി കന്യാസ്ത്രീ പറഞ്ഞ കാര്യങ്ങൾ ആവര്‍ത്തിച്ച് ബന്ധുക്കള്‍

കോട്ടയം: ജലന്ദർ ബിഷപ്പിനെതിരായ പീഡനകേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുക്കളുടെ മൊഴി എടുപ്പ് പൂർത്തിയായി. 
കന്യാസ്ത്രീ പറഞ്ഞ കാര്യങ്ങൾ തന്നെ ബന്ധുക്കൾ ആവർത്തിച്ചതായി ഡി വൈ എസ് പി അറിയിച്ചു. ഇവരിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിച്ചു. 

ജലന്ദർ ബിഷോപ്പിനെതിരായ തെളിവായി തങ്ങളുടെ പക്കൽ ഉണ്ട് എന്ന് ബന്ധുക്കൾ അറിയിച്ച വാട്സ്ആപ്പ് ശബ്ദസന്ദേശം ബന്ധുക്കളിൽ നിന്ന് ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ബിഷപ്പിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ നിലവിൽ തീരുമാനം ആയിട്ടില്ലെന്നും വൈക്കം ഡിവൈഎസ്‍പി സുഭാഷ് പറഞ്ഞു. അതേസമയം കന്യാസ്ത്രീയുടെ ബന്ധുക്കളുടെ മൊഴി എടുപ്പ് നീണ്ടത് 6 മണിക്കൂർ. 

ഇതിനിടയില്‍ ബിഷപ്പിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് രംഗത്തെത്തി. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന പരാതി ഭീഷണിപ്പെടുത്തി എഴുതി വാങ്ങി. ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 

മദർ സൂപ്പീരിയരിന്റെ സാന്നിദ്ധ്യത്തിലാണ് മകളെ ഭീഷണിപ്പെടുത്തിയത്. ഇക്കാര്യങ്ങൾ പറഞ്ഞ് മകൾ ജലന്ദറിൽ നിന്ന് 2017 നവംബറിൽ തനിക്ക് കത്തെഴുതിയിരുന്നതായും കന്യാസ്ത്രീയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഒരാഴ്ചയ്ക്കകം താൻ ഈ പരാതി കർദിനാൾ ആലഞ്ചേരിയെ നേരിൽ കണ്ട് ബോധിപ്പിച്ചു. മറ്റാരെയും മാധ്യമങ്ങളെയും അറിയിക്കരുതെന്ന് കർദിനാൾ ആവശ്യപ്പെട്ടു. നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയെന്നും തുറവൂർ സ്വദേശിയായ കന്യാസ്ത്രീയുടെ അച്ഛന്‍ പ്രതികരിച്ചു.