ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകള്‍ നിരത്തി ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലായെന്ന മറുപടിയാണ് ബിഷപ്പ് നല്‍കിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
കൊച്ചി: ജലന്ധർ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. മൊഴികളിലെ വൈരുദ്ധ്യമാണ് ബിഷപ്പിന് തിരിച്ചടിയായത്. കന്യാസ്ത്രീയുടെ രഹസ്യമൊഴി തെളിവായി സ്വീകരിച്ചാവും അറസ്റ്റെന്നാണ് സൂചന.
ഇന്നലെ തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ നടന്ന ചോദ്യം ചെയ്യല്ലിനിടെ ബിഷപ്പ് നല്‍കിയ പല മൊഴികളിലും വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകള്‍ നിരത്തി ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലായെന്ന മറുപടിയാണ് ബിഷപ്പ് നല്‍കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു.
ഇന്നലെ ബിഷപ്പ് നല്‍കിയ മൊഴികളില്‍ വ്യക്തത തേടിയുള്ള കൂടുതല്‍ ചോദ്യങ്ങള്‍ ഇന്ന് അന്വേഷണസംഘത്തിലുണ്ടാവും എന്നാണ്. പ്രധാനചോദ്യങ്ങളും മൊഴികളിലെ ഉപചോദ്യങ്ങളുമായി ഇരുന്നൂറോളം ചോദ്യങ്ങളുടെ പട്ടിക പൊലീസ് തയ്യാറാക്കിയെന്നാണ് സൂചന. ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ മുന്നിലുണ്ടെങ്കിലും അറസ്റ്റ് നടപടികളിലേക്ക് കടക്കാന്‍ അത് തടസ്സമാവില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
ചോദ്യം ചെയ്യല്ലിനായി രാവിലെ പതിനൊന്ന് മണിയ്ക്ക് ഫ്രാങ്കോ മുളയ്ക്കല്‍ പൊലീസ് ക്ലബിലെത്തും. ഇന്നലെ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ ആഡംബര ഹോട്ടലിൽ തങ്ങുകയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ. ഇന്നലെ ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം റേഞ്ച് ഐജിയുടെ സാന്നിദ്ധ്യത്തിൽ കോട്ടയം എസ്പിയും, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയും കൊച്ചിയിൽ യോഗം ചേർന്നിരുന്നു. ബിഷപ്പ് നല്‍കിയ മൊഴിയിലെ വിവരങ്ങളും ഭാവി നടപടികളും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
ബലാത്സംഗ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് കന്യാസ്ത്രീ തനിക്കെതിരെ വ്യക്തി വിരോധം തീര്‍ക്കുകയാണെന്നാണ് ഇന്നലെ നടന്ന ഏഴുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്. വാദങ്ങൾ നിരത്തുന്നതിന് ഫോൺ റെക്കോർഡുകളും, വീഡിയോകളും ഉൾപ്പടെ ബിഷപ്പ് ഫ്രാങ്കോ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. ഇത് അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.
അതേസമയം ബിഷപ്പ് താമസിക്കുന്ന കൊച്ചിയിലെ ആഡംബര ഹോട്ടലിലും ചോദ്യം ചെയ്യുന്ന തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബിലും ഇന്ന് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ച് സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്.
