കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ചെയ്ത കേസില്‍ രണ്ടാഴ്ചക്കുള്ളില്‍ പൊലീസ് കുറ്റപത്രം നല്‍കും. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിനായി തുടരന്വേഷണത്തിന് അനുമതി തേടുകയും ചെയ്യും. മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവെന്ന ആരോപണത്തില്‍ മുഖ്യപ്രതി സുനില്‍കുമാറിന്റെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോക്കെതിരെയാണ് അന്വേഷണം തുടരുക.

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ട് പോയി കാറില്‍ വെച്ച് ആക്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറ് പ്രതികള്‍ അറസ്റ്റിലായി. സുനില്‍കുമാര്‍, മാര്‍ട്ടിന്‍, പ്രദീപ്, സലീം, മണികണ്ഠന്‍, ചാര്‍ളി, എന്നിവരാണ് അറസ്റ്റിലായത്‍. പ്രതികള അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചക്കുള്ളില്‍ കുറ്റപത്രം നല്കാനുള്ള തീരുമാനം. ബലാത്സംഗം ഉള്‍പ്പെടെ ആറ് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്യായമായി തടഞ്ഞുവെയ്ക്കല്‍, തട്ടിക്കൊണ്ടുപോകല്, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന, സംഘടിതമായി കുറ്റകൃത്യത്തിലേര്‍പ്പെടല്‍ എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട കുറ്റങ്ങള്‍. സുനിയെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചു എന്നതാണ് ചാര്‍ളിക്കെതിരെയുള്ള കുറ്റം. 

വ്യാജരേഖ ചമച്ച് കോട്ടയത്ത് നിന്ന് സുനില്‍കുമാറിന് സിം കാര്‍ഡ് വാങ്ങിയ നല്‍കിയതിന് കടവന്ത്ര സ്വദേശിനി ഷൈനി തോമസിനെയും പൊലീസ് അറസറ്റ് ചെയ്തിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഇവരുടെ പങ്ക് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഷൈനിക്കെതിരെ കോട്ടയത്ത് വ്യാജരേഖ കേസ് മാത്രമാണ് നിലനില്‍ക്കുക. കേസില്‍ ആദ്യഘട്ട കുറ്റപത്രമാണ് ഫയല്‍ ചെയ്യുന്നത്. സുനില്‍ കുമാര്‍ ആലുവയിലെ അഭിഭാഷകന് കൈമാറിയ ഫോണില്‍ നിന്ന് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ആക്രമണം ചിത്രീകരിച്ച ഫോണില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണിത്. യഥാര്‍ഥ മൊബൈല്‍ ഫോണ്‍ ഇപ്പോഴും കണ്ടെടുക്കാന്‍ കഴി‌ഞ്ഞിട്ടില്ല. കീഴടങ്ങുന്നതിന് മുമ്പായി കൊച്ചിയിലെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോക്ക് ഈ ഫോണ്‍ കൈമാറിയെന്നാണ് സുനില്‍കുമാര്‍ ഏറ്റവും ഒടുവില്‍ നല്‍കിയ മൊഴി. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി. നിരവധി തവണ ചോദ്യം ചെയ്തിട്ടും ഇക്കാര്യം പ്രതീഷ് ചാക്കോ നിഷേധിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസിന്റെ രണ്ടാം ഘട്ടമായി മൊബൈല്‍ ഫോണിന് വേണ്ടിയുള്ള അന്വേഷണം തുടരാനാണ് പൊലീസിന്റെ തീരുമാനം.