Asianet News MalayalamAsianet News Malayalam

കൊല്ലം കോടതിവളപ്പിലെ സ്‌ഫോടനക്കേസില്‍ യുഎപിഎ ചുമത്തിയേക്കും

police to impose uapa act in kollam court blast case
Author
First Published Jun 16, 2016, 4:27 AM IST

കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം കോടതി വളപ്പിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ യു എ പി എ നിയമം ചുമത്താന്‍ പൊലീസ് അന്വേഷിക്കുന്നു. എന്‍ ഐ എ സംഘം സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തിയതിനു പിന്നാലെയാണ് കേസില്‍ യു എ പി എ വകുപ്പ് കൂടി ഉള്‍പ്പെടുത്താന്‍ പൊലീസ് ആലോചിക്കുന്നത്. സംഘടനകളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കൃത്യം നടത്തിയത് ഒന്നില്‍ കൂടുതല്‍ പേരെന്നാണ് പൊലീസ് പറയുന്നത്. വെടിമരുന്ന് പാറപൊട്ടിക്കുന്ന സ്ഥലത്ത് നിന്ന് എത്തിച്ചെന്നാണ് നിഗമനം.
കാക്കനാട് കളക്ടേറ്റ് സ്‌ഫോടനത്തിന് സമാനമെന്നും അന്വേഷണ സംഘം പറയുന്നു. കോടതി വളപ്പിലെ സിസിടിവി ക്യാമറകള്‍ കേടായതിനാല്‍ പ്രതികളെക്കുറിച്ചുള്ള പ്രാഥമിക സൂചന പൊലീസിന് നഷ്‌ടമായിരുന്നു. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നത് ഗുരുതരമായ സുരക്ഷാവീഴ്‌ചയായാണ് പൊലീസ് വിലയിരുത്തുന്നത്.

കഴിഞ്ഞ ദിവസം രാവിലെയാണ് കൊല്ലം കോടതി വളപ്പില്‍ കിടന്നിരുന്ന ജീപ്പില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു. സ്റ്റീല്‍ ബോംബാണു പൊട്ടിത്തെറിച്ചത്. ഏഴു ബാറ്ററികളും 14 ഫ്യൂസ് വയറും ഇവിടെനിന്നു കണ്ടെത്തിയിരുന്നു. കോടതിവളപ്പില്‍ കിടന്നിരുന്ന തൊഴില്‍ വകുപ്പിന്റെ പഴയ ജീപ്പിലാണു സ്ഫോടകവസ്തു വച്ചത്. കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പായിരുന്നു സ്ഫോടനം. ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയില്‍ കോടതി ജീവനക്കാരന്‍ സാബുവിനാണ് പരുക്കേറ്റത്. മുന്‍സിഫ് കോടതി മുറിക്കകത്തേക്കു ചീളുകള്‍ തെറിച്ചിരുന്നു.
 
പ്രദേശത്തു ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നി. സ്ഫോടനം ആസൂത്രിതമാണെന്ന് ഐ ജി മനോജ് ഏബ്രഹാം പറഞ്ഞു. ഉഗ്ര സ്ഫോടനമാണു ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അതീവ ഗൗരവമായി അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സമീപജില്ലയായ ആലപ്പുഴയിലെ കലക്ടറേറ്റില്‍ പൊലീസ് പരിശോധന നടത്തി.

Follow Us:
Download App:
  • android
  • ios