തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍, സംഭവത്തിന് പിന്നിലെ ഗൂഡാലോചനയും അന്വേഷിക്കും. കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കിക്കൊണ്ട് സര്‍ക്കാര്‍ ഇന്ന് വിജ്ഞാപനം പുറത്തിറക്കി. അതേസമയം മുന്‍മന്ത്രിയുടെ ഫോണ്‍ കോള്‍ റിക്കോര്‍ഡ് ചെയ്ത് മൊബൈല്‍ ഫോണും ഇലക്രോണിക് ഉകരണങ്ങളും ഹാജരാക്കാന്‍ മംഗളം ചാനലിന് പൊലീസ് നോട്ടീസ് നല്‍കും. 

മുന്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനെ ഫോണ്‍വിളിയില്‍ കുരുക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെ ടേംസ് ആന്റ് റഫറന്‍സ് സര്‍ക്കാ‍ര്‍ തയ്യാറാക്കി വിജ്ഞാപനം ഇറക്കി. അഞ്ചുകാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സംഭത്തിന്റെ നിജസ്ഥിതി അന്വേഷിക്കുക. ഏത് സാഹചര്യത്തില്‍ ഇത്തരമൊരു സംഭവമുണ്ടായി. ദുരുദ്ദേശപരമായി ആരെല്ലാം ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുകയും ഫോണ്‍ സംഭഷണം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയും ചെയ്തു. സംഭവത്തിനു പിന്നില്‍ ഗൂഡാലോയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമ നടപടികള്‍ ശുപാര്‍‍ശ ചെയ്യുകു. ഇതുകൂടാതെ സംഭവുമായി ബന്ധപ്പെട്ട കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുന്ന കാര്യങ്ങളും അന്വേഷിക്കാനാണ് വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

മൂന്നുമാസത്തിനുള്ളില് കമ്മീഷനോട് അന്വേഷണം പൂര്‍ത്തിയക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസയം ഫോണ്‍വിളിയെ കുറിച്ചുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരനായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന്റെ യോഗവും ഇന്ന് ചേര്‍ന്നു. മുന്‍ മന്ത്രിയുടെ ഫോണ്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്ത ഇലക്ട്രോണിക് ഉപകരണം ഹാജരാക്കാന്‍ അന്വേഷണ സംഘം ചാനല്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കും.