സുരക്ഷ ഒരുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറ പൊലീസ് ക്ലബിലേക്ക്  മാറ്റിയത്

കൊച്ചി: കന്യാസ്ത്രിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യും . തൃപ്പുണ്ണിത്തുറയിലെ പൊലീസിന്‍റെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ വച്ചാകും മൊഴിയെടുപ്പ്. ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് ഇത് തടസ്സമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.

നേരത്തെ വൈക്കം ഡിവൈഎസ്പിയുടെ ഓഫീസിലോ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലോ വച്ചു ബിഷപ്പിനെ ചോദ്യം ചെയ്യാനായിരുന്നു ആലോചിച്ചതെങ്കിലും ഇവിടെ സുരക്ഷ ഒരുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറ പൊലീസ് ക്ലബിലേക്ക് മാറ്റിയത്. ഇന്നലെ രാത്രി ഐജി വിജയ് സാക്കറേയും കോട്ടയം എസ്.പി വിജയ് ശങ്കറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ചോദ്യം ചെയ്യല്‍ ഇവിടേക്ക് മാറ്റാന്‍ ധാരണയായത്. 

അതേ സമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതതയില്ല. അദ്ദേഹം ജലന്ധര്‍ വിട്ടെന്നാണ് സൂചന. കഴിഞ്ഞ തവണ പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലില്‍ ബിഷപ്പിന്‍റെ മൊഴികളില്‍ പലതും അവ്യക്തവും അപൂര്‍ണവുമാണെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. ബിഷപ്പ് നല്‍കിയ മുന്‍കൂര്‍ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ ധൃതി വേണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിലപാട്.