തിരുവനന്തപുരം: പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസമുണ്ടാക്കി വാഹനം രജിസ്‌റ്റര്‍ ചെയ്ത കേസില്‍ നടന്‍ ഫഹദ് ഫാസിസിനെയും നടി അമലാ പോളിനെയും ഉടന്‍ ചോദ്യം ചെയ്യും. ഇന്നോ അടുത്ത ദിവസങ്ങളിലോ ഇരുവരെയും കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനാണ് സാധ്യത. പൊലീസ് ആസ്ഥാനത്ത് ഇന്ന് ഹാജരാകണമെന്ന് കാണിച്ച് ഇരുവര്‍ക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സമാന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയേയും അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും. 

നികുതി വെട്ടിപ്പ് നടത്താനായി പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്തെന്നാണ് കേസ്. കേസില്‍ ഫഹദ് ഫാസില്‍ ഇതിനോടകം തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ് കിട്ടിയ സാഹചര്യത്തിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ അദ്ദേഹം ജാമ്യാപേക്ഷ നല്‍കിയത്. കേസ് കോടതി ബുധനാഴ്ച പരിഗണിക്കും. സമാന സാഹചര്യത്തില്‍ സുരേഷ് ഗോപി നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയുരുന്നു. തുടര്‍ന്ന് മൂന്ന് അഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന വിധിയാണ് ഹൈക്കോടതി നല്‍കിയത്. എന്നാല്‍ വ്യാഴാഴ്ച അന്വേഷണ ഉദ്ദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് അദ്ദേഹത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.