ആലപ്പുഴ: ആലപ്പുഴ വയലാറില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അനന്തുവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ കസ്റ്റഡിയിലുള്ള ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകരുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. മുന്‍പ് പലതവണ അനന്തുവിനെ ആക്രമിക്കാന്‍ സംഘം പദ്ധതി ഇട്ടിരുന്നതായും പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലുള്ള പ്രതികളില്‍ പലര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ആലപ്പുഴ ജില്ലയില്‍ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫും യു ഡി എഫും ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറു മണിമുതല്‍ വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. പൂരം നടക്കുന്നതിനാല്‍ ചേര്‍ത്തല ടൗണിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.