എറണാകുളം: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം 90 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. എറണാകുളം സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 1500 പേജുകള്‍ ആണ് കുറ്റപത്രത്തിലുള്ളത്. കേസിലെ ഏകപ്രതി അമീറുൾ ഇസ്ലാമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. അമീറുൾ ലൈംഗിക വൈകൃതമുള്ളയാളെന്ന് കുറ്റപത്രം പറയുന്നു എന്നാണ് സൂചന. കുറ്റപത്രത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
കുറുപ്പംപടി പോലീസ് രജിസ്റ്റര്‍ ചെയ്ത 909/16 നമ്പര്‍ കേസില്‍ അമിറുളിനെതിരേ ഐപിസി 449, 376, 302 എന്നിവയും പട്ടികജാതി/വര്‍ഗ പീഡനം തുടങ്ങിയ വകുപ്പുകളും ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയത്. വീട്ടില്‍ അതിക്രമിച്ചുകയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കാണു കേസ്. ബലാത്സംഗശ്രമത്തെ ചെറുത്ത ജിഷയെ അമിറുള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നേരത്തേ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.
