തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ ജിഷ്‌ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. അദ്ധ്യാപകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തുമെന്നാണ് സൂചന. വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലിനെതിരെയും കേസെടുക്കും. നെഹ്റു കോളേജിലെ അധ്യാപകനായ പ്രവീണും പ്രതിയാകും. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് തുടങ്ങിയതായാണ് സൂചന.
അതേസമയം വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് നെഹ്‌റുകോളേജ് ചെയര്‍മാന്‍ കൃഷ്‌ണദാസ് മുന്നോട്ടുവെച്ച വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു. വധഭീഷണി മുഴക്കിയ ദിവസം കോളേജിലില്ലായിരുന്നുവെന്ന ചെയര്‍മാന്റെ വാദം തെറ്റാണെന്ന് വ്യക്തമായി. പി കൃഷ്ണദാസ് ക്യാംപസിലുണ്ടായിരുന്നതായി ദൃശ്യങ്ങള്‍. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
