യൂണിഫോമില്‍ അല്ലാത്തതിനാല്‍ പൊലീസുകാരനെന്നറിയാതെയാണ് നാട്ടുകാരില്‍ ഒരു സംഘം ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്

മലപ്പുറം: തിരൂരങ്ങാടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്ന് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വെന്നിയൂര്‍ സ്വദേശിയായ പതിനേഴുകാരനെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കഴിഞ്ഞ ദിവസം വെന്നിയൂര്‍ അങ്ങാടിയില്‍ വച്ച് ഒരു പൊലീസുകാരന് മര്‍ദ്ദനമേറ്റിരുന്നു. വാഹനാപകടത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടയിലായിരുന്നു മര്‍ദ്ദനം. യൂണിഫോമില്‍ അല്ലാത്തതിനാല്‍ പൊലീസുകാരനെന്നറിയാതെയാണ് നാട്ടുകാരില്‍ ഒരു സംഘം ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. ഈ കേസുമായി ബന്ധപെട്ടാണ് അര്‍ഷാദലിയെ പൊലീസ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ചോദ്യം ചെയ്യുന്നതിനിടെ എസ്.ഐയും പൊലീസുകാരും കൂടി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് അര്‍ഷാദലിയുടെ പരാതി. പിന്നീട് പിതാവിനെ വിളിച്ചുവരുത്തി കേസെടുക്കാതെ വിട്ടയച്ചു. എന്നാല്‍ അര്‍ഷാദ് അലിയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് തിരൂരങ്ങാടി പൊലീസിന്‍റെ വിശദീകരണം. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും പ്രതിയല്ലാത്തതിനാല്‍ കേസെടുക്കാതെ വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു.