കഴിഞ്ഞ ദിവസം തൃശൂര്‍ ചൂണ്ടലിലെ നാരരായണന്റെ വീട്ടില്‍ എത്തിയ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് പരാതി.

തൃശൂര്‍: ചൂണ്ടലില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് വൃദ്ധന്‍ മരിച്ചതായി പരാതി. വീട്ടില്‍ മകനെ തെരഞ്ഞെത്തിയ കുന്നംകുളം പോലീസ് അച്ഛന്‍ നാരായണനെ കൈയ്യേറ്റം ചെയ്‌തെന്നാണ് ആക്ഷേപം. പോലീസിനെതിരെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.

കഴിഞ്ഞ ദിവസം തൃശൂര്‍ ചൂണ്ടലിലെ നാരരായണന്റെ വീട്ടില്‍ എത്തിയ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് പരാതി. അയല്‍പക്കത്തെ യുവാവിനെ കാണാതായ കേസിലാണ് മകനെ തെരഞ്ഞ് പോലീസ് എത്തിയത്. വീട്ടിലുണ്ടായിരുന്ന അച്ഛനെ ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ബലമായി ഫോണ്‍ പിടിച്ചു വാങ്ങി. മകനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞു. പോലീസ് മടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നാരായണനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ഹൃദയാഘാതത്തെ തുടര്‍ന്ന് നാരായണ്‍ മരിച്ചു. കുന്നംകുളം പോലീസിന്റെ അതിക്രമമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. 

അതേസമയം, മകനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞ ശേഷം വീട്ടില്‍ നിന്ന് മടങ്ങിയെന്ന് കുന്നംകുളം സിഐ വ്യക്തമാക്കി. ചൂണ്ടലില്‍ കത്തിക്കരിഞ്ഞ മൃതദേഹം കിട്ടിയ കേസുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കാനാണ് നാരായണന്റെ മകനെ വിളിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.