ഐഎൻടിയുസി നേതാവ് ഉമ്മറിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ പണം വാങ്ങിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി പെൺകുട്ടിയുടെ മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ സഹായിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കൾ. കോണ്‍ഗ്രസ് നേതാവ് ഒ എം ജോർജിന്‍റെ കീഴടങ്ങലോടെ അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. കേസ് ഒതുക്കിത്തീർക്കാൻ പണം വാഗ്ദാനം ചെയ്ത ഐഎൻടിയുസി നേതാവ് ഉമ്മറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഉമ്മറിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ പണം വാങ്ങിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും പെൺകുട്ടിയുടെ മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെൺകുട്ടിയെ പൊലീസ് വാഹനത്തിൽ സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തത് അവകാശലംഘനമാണ്. പരിഹാരമുണ്ടായില്ലെങ്കിൽ സ്റ്റേഷനുമുന്നിൽ സമരം തുടങ്ങുമെന്നും മാതാപിതാക്കൾ പറഞ്ഞു.
മാതാപിതാക്കളോടൊപ്പം വീട്ടിൽ ജോലിക്ക് എത്തിയ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ഒ എം ജോർജ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടിയെ ഇയാൾ ഒന്നര വർഷം പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ സുൽത്താൻ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോർജിനെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം പുറത്തു വന്നതോടെ ഒളിവില്‍ പോയ ഇയാള്‍ കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
പീഡനവിവരം പുറത്ത് പറയാതിരിക്കാൻ ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ഉമ്മർ പണം വാഗ്ദാനം ചെയ്തെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. നഗ്നചിത്രങ്ങളടക്കം കാണിച്ച് പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവർ പെൺകുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങൾ പോലുമറിഞ്ഞതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. പീഡനം തുടർന്നതിനാൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ഇപ്പോൾ ചൈൽഡ്‍ ലൈനിന്‍റെ സംരക്ഷണയിലാണ്.
കേസിന്‍റെ പശ്ചാത്തലത്തില്‍ ഒ എം ജോർജിനെ അന്വേഷണ വിധേയമായി കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കർശനമായി നടപടിയെടുക്കുമെന്നും കുറ്റക്കാരെ ഒരു കാരണവശാലും പാർട്ടി സംരക്ഷിക്കില്ലെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
