പത്തനംതിട്ട: പൊലീസ് യൂണിഫോമുമിട്ട് കറങ്ങിനടന്ന യുവാവ് പത്തനംതിട്ട തിരുവല്ലയില്‍ പിടിയിലായി. കോയിപ്രം സ്വദേശി ടി.കെ. ബിജുവാണ് അറസ്റ്റിലായത്. സിനിമയിലെ പൊലീസ് കഥാപാത്രങ്ങളോട് തോന്നിയ ആരാധനകൊണ്ടാണ് ഇതൊക്കെ ചെയ്തതെന്ന് ബിജു പൊലീസിനോട് പറഞ്ഞു.

ഉച്ചക്ക് ഒരു മണിയോടെ തിരുവല്ലക്ക് സമീപമുള്ള ഓതറയില്‍ പട്രോളിംഗിന് ഇറങ്ങിയതായിരുന്നു ജൂനിയര്‍ എസ്.ഐ. സുരേഷ് കുമാറും സംഘവും. തൈമറവുംകരയിലെത്തിയപ്പോള്‍ ഒരു പൊലീസുകാരന്‍ നില്‍ക്കുന്നു. പരിചയമില്ലാത്ത മുഖമായതുകൊണ്ട് സുരേഷ് കുമാര്‍ ജീപ്പ് നിര്‍ത്തി. ചോദിച്ചപ്പോള്‍ ക്രൈംബ്രാഞ്ചിലാണെന്നായിരുന്നു മറുപടി. സംശയം തോന്നിയ ഇയാളെ എസ്.ഐ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്.

തിരുവല്ലക്ക് സമീപം കോയിപ്രം സ്വദേശിയായ ടി.കെ. ബിജുവാണ് പൊലീസ് യൂണീഫോമുമിട്ട് കറങ്ങിയ വിരുതന്‍. ഇതിയാളുടെ സ്ഥിരം പരിപാടിയാണെന്നും യഥാര്‍ത്ഥ പൊലീസിന് വ്യക്തമായി. നിരവധി തവണ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചിട്ടുണ്ടെന്ന് ബിജു പൊലീസിനോട് സമ്മതിച്ചു. ബസില്‍ സൗജന്യമായി യാത്രയും ചെയ്തിട്ടുണ്ട്. സിനിമകളിലെ പൊലീസ് കഥാപാത്രങ്ങളോട് തോന്നിയ ആരാധനകൊണ്ടാണ് പൊലീസ് വേഷം ഇട്ടതെന്നാണ് ബിജു പൊലീസുകാരോട് പറഞ്ഞിരിക്കുന്നത്. 

എന്തായാലും ആള്‍മാറാട്ടത്തിന് ബിജുവിനെതിരെ കേസെടുത്തിട്ടുണ്ട്. സിവില്‍ പൊലീസ് ഓഫീസര്‍ ചമഞ്ഞ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണ്. കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാന്‍ഡ് ചെയ്തു.