ജലന്ദർ ബിഷപ്പിനെതിരായ പീഡനകേസ് കന്യാസ്ത്രീയുടെ ബന്ധുക്കളിൽ നിന്നു മൊഴി എടുക്കുന്നു
കോട്ടയം: ജലന്ദർ ബിഷപ്പിനെതിരായ പീഡനകേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുക്കളിൽ നിന്നു പൊലീസ് മൊഴി എടുക്കുന്നു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കന്യാസ്ത്രീയുടെ വീട്ടിൽ എത്തിയാണ് മൊഴി എടുക്കുന്നത്. ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് എതിരെ സീറോ മലബാർ സഭ ആർച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പരാതി നൽകിയിരുന്നതായി കന്യാസ്ത്രീ പൊലീസിന് മൊഴി നൽകിയിരുന്നു. ഇത് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു എന്നും മൊഴിയിൽ ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ബന്ധുക്കളിൽ നിന്ന് പൊലീസ് മൊഴി എടുക്കുന്നത്. കന്യാസ്ത്രീയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയതായി ബിഷപ്പ് ഫ്രാങ്കോ മുളക്കലും പോലീസിന് പരാതി നൽകിയിരുന്നു. ഈ പരാതിയിയുടെ കൂടി അടിസ്ഥാനത്തിൽ ആണ് മൊഴി എടുപ്പ് പുരോഗമിക്കുന്നത്. കോടനാട് ഇടവക വികാരി ഫാ.നിക്കോളാസ് മണിപറമ്പിലില്‍ നിന്നും പൊലീസ് മൊഴി എടുക്കും. പ്രശ്നത്തിൽ സഭയുടെ ഭാഗത്തു നിന്ന് താൻ ഒത്തു തീർപ്പിനു ശ്രമിച്ചതായി നിക്കോളാസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
