സമദൂരം-പ്രശ്നാധിഷ്‌ഠിത സഹകരണം എന്ന കേരള കോണ്‍ഗ്രസിന്റെ പുതിയ അടവും പരിപാടിയും ചരല്‍ക്കുന്നില്‍ കെ.എം മാണി രൂപപ്പെടുത്തിയത് പോലും ബാര്‍ കോഴക്കേസില്‍ ഊന്നിയായിരുന്നു. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് യു.ഡി.എഫ് വിട്ടിറങ്ങി പ്രശ്നാധിഷ്‌ഠിത പിന്തുണ സര്‍ക്കാരിന് വാഗ്ദാനം ചെയ്യുമ്പോള്‍ തിരിച്ചൊരു മൃദു സമീപനം മാണിയും പാര്‍ട്ടിയും പ്രതീക്ഷിച്ചതാണ്. പക്ഷേ കോടതി ഉത്തരവോടെ മാണിയുടെ രാഷ്‌ട്രീയ അടവു തെറ്റുകയാണ്. ഇടതു മുന്നണിയിലെ മാണി വിരുദ്ധരുടെ ആയുധത്തിന്റെ മൂര്‍ച്ച കൂടിക്കഴിഞ്ഞു. മാണിയുമായി ഒരു കാരണവശാലും സമരസപ്പെടാന്‍ മുന്നണിക്ക് കഴിയില്ലെന്ന് വി.എസിന്റെ പ്രതികരണം പ്രസക്തമാണ്.
കോഴക്കേസില്‍ അന്വേഷണം നേരിടുന്ന മാണിക്കായി ഇനി വാതില്‍ തുറന്നിടും മുമ്പ് ബി.ജെ.പിക്കും ഇനി രണ്ടു വട്ടം ആലോചിക്കേണ്ടി വരും. മുന്നണി വിട്ടതിനാല്‍ മാണിക്കായി വാദിക്കേണ്ട ബാധ്യത യു.ഡി.എഫിനുമില്ല. മൊത്തത്തില്‍ ഒരു മുന്നണിയിലുമല്ലാത്തതിന്റെ ഒറ്റപ്പെടല്‍ മാണിക്ക് കഠിനമാകുന്ന ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഗൂഡാലോചനാ സിദ്ധാന്തവും സംശയത്തിന്റെ നിഴലിലായി. മാണിയെ രക്ഷപ്പെടുത്താനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നു. ഇതോടെ യു.ഡി.എഫ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന മാണിയുടെ വാദം ചോദ്യം ചെയ്യപ്പെടുകയാണ് .ക്രൂശിതന്റെ പരിവേഷത്തോടെ ഗൂഡാലോചനാ ഇരയെന്ന അനുകമ്പ നേടിയെടുക്കാനുള്ള മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും ശ്രമത്തിനും തിരച്ചടിയാവുകയാണ്.
