43 വര്‍ഷമായി വിരലിലുണ്ടായിരുന്ന ഒരു പവന്‍ തൂക്കമുള്ള ആ മോതിരത്തിനായി പാടത്തെല്ലാം അന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അന്ന് ഏകദേശം 35000 രൂപ വിലയുണ്ടായിരുന്ന മോതിരത്തിന് ഇന്ന് വിപണിയില്‍ 1.20 ലക്ഷം രൂപയോളമാണ് മൂല്യം.
തൃശൂര്‍: ശശിധരന്റെ സത്യസന്ധത ഒരു പണതൂക്കം മുന്നില്‍ തന്നെയാണ്. പൊന്നിന്റെ തിളക്കത്തിലും വിലയിലും ആ കണ്ണ് മഞ്ഞളിച്ചില്ല. അപ്രതീക്ഷിതമായി ലഭിക്കുന്ന നിധിപോലെ 5 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണമോതിരം ഉടമയുടെ കൈകളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. പഴഞ്ഞിയിലെ നെടിയേടത്ത് വീട്ടില്‍ ദിവാകരനാണ് അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ പ്രിയപ്പെട്ട മോതിരം തിരികെ ലഭിച്ചത്. കൃഷിക്കാരനായ കാഞ്ഞങ്ങാട്ട് വീട്ടില്‍ ശശിധരനാണ് പാടത്തെ തോട്ടില്‍നിന്ന് ഈ സ്വര്‍ണമോതിരം കണ്ടെടുത്തത്. ചിറ്റത്താഴം കോള്‍പടവില്‍ പുഞ്ചകൃഷിക്ക് വെള്ളം തുറന്നുവിടാനെത്തിയപ്പോഴാണ് ദിവാകരന് മോതിരം നഷ്ടമായത്. 43 വര്‍ഷമായി വിരലിലുണ്ടായിരുന്ന ഒരു പവന്‍ തൂക്കമുള്ള ആ മോതിരത്തിനായി പാടത്തെല്ലാം അന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അന്ന് ഏകദേശം 35000 രൂപ വിലയുണ്ടായിരുന്ന മോതിരത്തിന് ഇന്ന് വിപണിയില്‍ 1.20 ലക്ഷം രൂപയോളമാണ് മൂല്യം.
40 വര്‍ഷത്തോളം വിദേശത്ത് ജോലി ചെയ്തിരുന്ന ശശിധരന്‍ അടുത്തിടെയാണ് നാട്ടിലെത്തി കൃഷിയിലേക്ക് തിരിഞ്ഞത്. പാടത്തെ തോട്ടില്‍നിന്നും മോതിരം ലഭിച്ചപ്പോള്‍ അഞ്ചുവര്‍ഷം മുമ്പ് തന്റെ സുഹൃത്തായ ദിവാകരന്‍ മോതിരം നഷ്ടപ്പെട്ട കാര്യം പറഞ്ഞത് ശശിധരന്റെ ഓര്‍മ്മയിലെത്തി. മോതിരത്തില്‍ ദിവാകരന്റെ പേര് കൊത്തിയിരുന്നതും ഉടമയെ ഉറപ്പിക്കുന്നതില്‍ സഹായകമായി. അമൂല്യമായ ഈ സ്വര്‍ണസമ്പാദ്യം യാതൊരു മടിയും കൂടാതെ ശശിധരന്‍ ഉടമയ്ക്ക് കൈമാറുകയായിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ പ്രിയപ്പെട്ട മോതിരം വര്ഷങ്ങൾക്കിപ്പുറം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദിവാകരനും കുടുംബവും.


