മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്ന ദിവസം വൈകുന്നേരമാണ് സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ പിണറായിയില്‍ ബോംബേറില്‍ കൊല്ലപ്പെട്ടത്. പിന്നീട് ഒരുമാസത്തെ ഇടവേളക്ക് ശേഷം ജൂലൈ മാസത്തില്‍, ജില്ലയില്‍ ഏറെക്കാലമായി ഇരുപക്ഷവും നിര്‍ത്തിവെച്ചിരുന്ന, ഏറ്റവും കിരാതമായ 'വീട്ടില്‍ക്കയറി കൊലപ്പെടുത്തല്‍ രീതി' പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് വധത്തിലൂടെ ആര്‍.എസ്.എസ് പ്രയോഗിച്ചു. ബി.എം.എസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി അതേരീതിയില്‍ അതേ രാത്രിയില്‍ സി.പി.എം തിരിച്ചടിച്ചു. ധനരാജ് വധക്കേസില്‍ ഒന്‍പത് പേര്‍ പിടിയിലായി. ഗൂഢാലോചനയില്‍ പങ്കെടുത്ത തിരുവനന്തപുരം സ്വദേശിയായ ആര്‍.എസ്.എസ് പ്രചാരക് കണ്ണന്‍ ഉള്‍പ്പടെ അഞ്ച് പേരെ ഇിനിയും പിടിക്കാനായിട്ടില്ല. രാമചന്ദ്രന്‍ വധക്കേസില്‍ തിരിച്ചറിഞ്ഞ എട്ടു പേരും പിടിയിലായി. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ അന്യമായിരുന്ന പയ്യന്നൂരില്‍ സമാധാന ശ്രമങ്ങള്‍ പ്രതീക്ഷിച്ചവര്‍ പക്ഷെ കേട്ടത് നേതാക്കളുടെ കൊലവിളിയായിരുന്നു

സി.പി.എമ്മുകാരെ ആക്രമിക്കാന്‍ വരുന്നവര്‍ വെറും കൈയോടെ മടങ്ങില്ലെന്നു പാടത്ത് ജോലി ചെയ്താല്‍ വരുമ്പത്ത് കൂലി കൊടുക്കുമെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ മുതലാളിയുടെ അടുത്ത് വരമ്പത്ത് പോയി കൂലി വാങ്ങാനല്ല, പാടത്ത് പൊന്നു വിളയിക്കാനാണ് തങ്ങള്‍ പണിയെടുക്കുന്നതെന്നായിരുന്നു ബി.ജെ.പി നേതാവ് എം.ടി രമേശ് മറ്റൊരു പൊതു ചടങ്ങില്‍ വെച്ച് ആഹ്വാനം ചെയ്തത്. കുടുംബാംഗങ്ങള്‍ തന്നെ ദൃക്‌സാക്ഷികളായ രണ്ട് കേസുകളിലും മൂന്ന് മാസമാകുമ്പോഴും കുറ്റപത്രമായിട്ടില്ല. പ്രതികള്‍ ഉടന്‍ ജാമ്യത്തിലിറങ്ങുമെന്ന് ചുരുക്കം. തൊട്ടടുത്ത മാസം ആഗസ്റ്റ് 20ന് കോട്ടയംപൊയിലില്‍ വീട്ടില്‍ സൂക്ഷിച്ച ബോബ് കൈയിലിരുന്ന് പൊട്ടിയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ദീക്ഷിത് മരിച്ചത്. വീട്ടില്‍ നിന്ന് മാരകായുധങ്ങള്‍ പൊലീസ് കണ്ടെടുത്തു‍. ദിവസങ്ങള്‍ നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ സെപ്തംബര്‍ മൂന്നിന് തില്ലങ്കേരിയില്‍ സി.പി.എം പ്രവര്‍ത്തകന് ബോബേറില്‍ മാരകമായി പരിക്കേറ്റു. അന്നു രാത്രിയില്‍ തന്നെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിനീഷ് സമാനമായ രീതിയില്‍ കൊല്ലപ്പെട്ടു.
.
കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ നാട്ടിലാണ് ചോരക്കളി വീണ്ടുമാവര്‍ത്തിച്ചത്. സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി മോഹനനെ ആറംഗ സംഘം ജോലി ചെയ്യുന്ന കള്ളുഷാപ്പില്‍ കയറി പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ഒരു ദിവസത്തെ ശാന്തതയില്‍ ഇന്നലെ അതേരീതിയില്‍ തന്നെയായിരുന്നു തിരിച്ചടിയും. മുന്‍കരുതല്‍ നടപടിയായ നിരോധനാജ്ഞക്കിടയിലും സഹോദരിക്ക് മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്തിനെ രാവിലെ പത്തരയ്‌ക്കാണ് വെട്ടിക്കൊന്നത്. 2002ല്‍ ഇതേരീതിയില്‍ കൊല്ലപ്പെട്ടയാളാണ് രമിത്തിന്റെ പിതാവ് ഉത്തമന്‍. മാസങ്ങളുടെ പോലും ഇടവേള നല്‍കാതെ കൊലപാതകങ്ങള്‍ കണ്ണൂരില്‍ ആവര്‍ത്തിക്കുകയാണ്. സംഘര്‍ഷങ്ങള്‍ക്ക് ഇടവേളയേ ഇല്ല. പാടത്ത് പണി വരമ്പത്ത് കൂലി പ്രയോഗങ്ങളുമായി അണികളുടെ വൈകാരികതയെ ചൂടുപിടിപ്പിച്ച നേതാക്കളുള്ള നാട്ടില്‍ സമാധാനശ്രമങ്ങള്‍ പോലും വഴിപാടാകുന്ന അവസ്ഥയാണിപ്പോള്‍.