മലപ്പുറം: മലപ്പുറം തിരൂരില്‍ രാഷ്‌ട്രീയ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു.ഓടുന്ന ബസിലിട്ടാണ് ജീവനക്കാരനായ നൗഫലിനെ ഒരു സംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.വൈകീട്ട് നാല് മണിയോടെയാണ് സംഭവം. തിരൂര്‍ കുറ്റിപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനെ ഓടിക്കൊണ്ടിരിക്കുന്ന ബസിലിട്ട് ഒരു സംഘം വെട്ടുകയായിരുന്നു.

രാഷ്‌ട്രീയ സംഘര്‍ഷമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറ‍ഞ്ഞു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ നൗഫലിനെ ആദ്യം തിരൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓടുന്ന ബസില്‍ 15 മിനിട്ടോളം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമാണ് നൗഫലിനെ വെട്ടിയത്.

ലീഗ് പ്രവര്‍ത്തകനാണ് നൗഫല്‍. ബസ് ജീവനക്കാരനായ ജംഷീറിനും സംഭവത്തില്‍ പരിക്കേറ്റു. സംഭവമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് പിടികൂടി. സിപിഎം പ്രവര്‍ത്തകരായ സുഹൈബ്, നിയാസ് എന്നിവരാണ് പിടിയിലായത്. മറ്റു മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തിരൂര്‍ പറവണ്ണ മേഖലകളില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി.