പറ്റ്ന: ബിഹാറിലെ സംസ്ഥാന ബോര്‍ഡ് നടത്തിയ പ്ലസ് ടു പരീക്ഷയിലെ മൂല്യ നിര്‍ണയം വിവാദത്തില്‍. സംസ്ഥാനത്ത് ഏറ്റവുമധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയത്തിലെ പ്രാഥമിക അറിവു പോലുമില്ലെന്ന് ബോധ്യപ്പെട്ടതോടെ സംസ്ഥാന ബോര്‍ഡ് ഇവര്‍ക്ക് പ്രത്യേക പരീക്ഷ നടത്താന്‍ ഉത്തരവിട്ടു.

പൊളിറ്റിക്കല്‍ സയന്‍സെന്നാല്‍ പാചക പഠനമെന്നാണ് ബിഹാര്‍ സംസ്ഥാന പരീക്ഷാ ബോര്‍ഡ് നടത്തിയ പ്ലസ് ടു പരീക്ഷയില്‍ ഹ്യുമാനിറ്റീസ് വിഷയത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവുമുയര്‍ന്ന മാര്‍ക്ക് വാങ്ങിയ റൂബി റായ് എന്ന വിദ്യാര്‍ത്ഥിനി പറയുന്നത്. എന്തു വിഷയമാണ് പഠിക്കുന്നതെന്ന് പോലുമുള്ള അറിവില്ലെങ്കിലും അഞ്ഞൂറില്‍ 444 മാര്‍ക്കാണ് പ്ലസ്ടു പരീക്ഷയില്‍ ഈ കുട്ടി നേടിയത്. സയന്‍സ് വിഷയത്തില്‍ ഏറ്റവുമുര്‍ന്ന മാര്‍ക്ക് നേടിയ സൗരഭ് ശ്രേഷ്ത എന്ന വിദ്യാര്‍ത്ഥിയുടെയും പാഠ്യ നിലവാരം സമാന അവസ്ഥയില്‍ തന്നെയാണ്.

കെമിസ്ട്രി വിഷയത്തിലെ പ്രാഥമിക അറിവ് പോലുമില്ലാത്ത സൗരഭിന് അഞ്ഞൂറില്‍ 485 മാര്‍ക്കാണ് പരീക്ഷയ്‌ക്ക് ലഭിച്ചത്. കുട്ടികളുമായുള്ള അഭിമുഖം വിവാദമായതോടെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും ജൂണ്‍ മൂന്നിന് പ്രത്യേക പരീക്ഷ നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. ചില പ്രശ്നങ്ങള്‍ പരീക്ഷാ നടത്തിപ്പിലുണ്ടെന്ന് സമ്മതിച്ച ബിഹാറിലെ വിദ്യാഭ്യാസമന്ത്രി അശോക് ചൗധരി അന്വേഷണത്തിനുത്തരവിട്ടു.

പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിന്റെ പേരില്‍ എല്ലാതവണയും വാര്‍ത്തയില്‍ ഇടം നേടാറുള്ള ബിഹാറിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ ഇത്തവണ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.