ടി.പി ചന്ദ്രശേഖരന്‍ വധക്കേസിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മുതല്‍ ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിയും സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുതും വരെയുള്ള വിഷയങ്ങളാണ് മുഖ്യമന്ത്രി സ്ഥാനം പോലും നല്‍കി കെ.എം മാണിയെ എല്‍ഡിഎഫി ലെത്തിക്കാന്‍ സിപിഎം കേന്ദ്രങ്ങളെ പ്രേരിപ്പിച്ചത്. കെ.എം മാണി എല്‍.ഡി.എഫിലെത്തി, മുഖ്യമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായിരുന്ന ഘട്ടത്തിലാണ് ബാര്‍കോഴക്കേസ് ഉയര്‍ന്നുവന്നത്. രാഷ്‌ട്രീയ ചര്‍ച്ചകളെല്ലാം ഒഴിവാക്കി എല്‍.ഡി.എഫ്, മാണിയുടെ രാജക്കായി സമരം തുടങ്ങി. 

കേരള രാഷ്‌ട്രീയത്തെ ഇളക്കി മറിച്ച വിവാദങ്ങള്‍ക്ക് ശേഷം മാണിയും കൂട്ടരും യുഡിഎഫ് ബന്ധം ഉപേക്ഷിക്കുമ്പോള്‍ എല്‍‍‍ഡിഎഫ് കാഴ്ചക്കാരായി നില്‍ക്കുകയാണ്. കേരളാ കോണ്‍ഗ്രസ് എന്‍.ഡിഎക്കൊപ്പം പോകുമോയെന്ന ആശങ്കയും എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ക്കുണ്ട്. ഒറ്റക്ക് നില്‍ക്കുമെന്ന മാണിയുടെ പ്രസ്താവനയായിരിക്കും അങ്ങോട്ട് ചെന്ന് ചര്‍ച്ചക്കില്ലെന്ന നിലപാടിലേക്ക് ബിജെപിയെ എത്തിച്ചത്. യുപിഎക്ക് പ്രശ്നാധിഷ്‌ഠിത പിന്തുണയെന്ന കെ.എം മാണിയുടെ പ്രസ്താവനയും ഉടനേയൊന്നും തെരഞ്ഞെടുപ്പുകളില്ലെന്ന കാര്യവും ബിജെപിയുടെ മെല്ലെപ്പോക്കിന് കാരണമാണ്.