Asianet News MalayalamAsianet News Malayalam

കണ്ണൂരിന്റെ രാഷ്ട്രീയ കൊലപാതക ചരിത്രത്തിന് 5 പതിറ്റാണ്ടിന്റെ പഴക്കം, കൊന്നുതള്ളിയത് 220ലേറെ പേരെ

political violence history from kannur
Author
First Published Feb 14, 2018, 11:02 AM IST


കണ്ണൂര്‍: 49 വര്‍ഷം മുമ്പാണ് കണ്ണൂരില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടന്നത്. അന്ന് പാര്‍ട്ടിയുടെ യുവനേതാവായിരുന്ന പിണറായി വിജയനെ ആ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇക്കാലത്തിനിടെ സി.പി.എമ്മും ബി.ജെ.പിയും ലീഗും കോണ്‍ഗ്രസും പോപ്പുലര്‍ ഫ്രണ്ടും ചേര്‍‍ന്ന് കൊന്ന് തള്ളിയത് 220ലേറെ പേരെയാണ്. ചോര മണക്കുന്ന ആ ചരിത്രത്തിലേക്ക്.

50കളില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളാണ് കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് തുടക്കമിട്ടത്. പിന്നീട് പി എസ് പി പ്രവര്‍ത്തകര്‍ ജനസംഘത്തിലേക്ക് മാറിയതോടെ എറ്റുമുട്ടലുകള്‍ കമ്യൂണിസ്റ്റുകളും ജനസംഘവും തമ്മിലായി. മംഗലാപുരത്തെ ജനസംഘബന്ധമുള്ള ഗണേഷ് ബീഡിയുടെ തൊഴിലാളികളും അവര്‍ പിരിച്ചു വിട്ട കമ്യൂണിസ്റ്റ് തൊഴിലാളികളും തമ്മിലുള്ള ഏറ്റുമുട്ടലായി പിന്നീടത്. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി 1969 ഏപ്രില്‍ 28ന് ന് വാടിക്കല്‍ രാമകൃഷ്ണനെ കമ്യൂണിസ്റ്റുകള്‍ കൊലപ്പെടുത്തിയപ്പോള്‍ കേരളമറിഞ്ഞില്ല അത് അവസാനിക്കാത്ത ഒരു പരമ്പരയുടെ ആദ്യ സംഭവമാകുമെന്ന്. 

പിണറായി വിജയനെ ഈ കേസില്‍ പ്രതി ചേര്‍ത്തെങ്കിലും പിന്നിട് നീക്കുകയായിരുന്നു. 70കളിലെ തലശ്ശേരി കലാപകാലത്ത് ആര്‍എസ് എസുകാര്‍ കൊന്ന യു.കെ കുഞ്ഞിരാമനെ കൊന്നതോടെ സി.പി.എമ്മിന് ആദ്യ രക്തസാക്ഷിയായി. 70കളുടെ ഒടുക്കത്തോടെ മമ്പുറം ദിവാകരനും 80കളില്‍ കെ സുധാകരനും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിലെത്തിയതോട കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുണ്ടായ സംഘര്‍ഷത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. 90കളില്‍ വിണ്ടും സി.പി.എമ്മും ആര്‍എസ്എസും തമ്മിലായി ഏറ്റുമുട്ടലുകള്‍‍. ഇരകള്‍ അണികളെന്നത് മാറ്റി നേതാക്കളെ ഉന്നമിട്ടു. പി ജയരാജനും ഇ പി ജയരാജനും മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടപ്പോള്‍ സിപിഎം നേതാവ് കെ വി സുധീഷിനെയും യുവമോര്‍ച്ചാ നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററേയും വെട്ടി നുറുക്കുകായിരുന്നു. 

പിണറായി വിജയന്‍ അധികാരത്തിലേറിയെ ദിവസം കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ സി രവിന്ദ്രനെ ബിജെപിക്കാര്‍ ബോംബെറിഞ്ഞ് കൊന്നു. മട്ടന്നൂരിലെ ശുഹൈബിന്റെ കൊലയോടെ പിണറായി മന്ത്രി സഭയുടെ കാലത്ത് മാത്രം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം പത്തായി. പ്രധാന രാഷ്ട്രീയ കക്ഷികള്‍ മാത്രമല്ല പേരിന് മാത്രം അണികളുള്ള പോപ്പുലര്‍ ഫ്രണ്ടും നടത്തി യുവമോര്‍‍ച്ച നേതാവ് അശ്വിനി കുമാറിന്റേതടക്കം 2 കൊലകള്‍. 49 വര്‍ഷങ്ങള്‍. 225 ഓളം രാഷ്ട്രീയക്കൊലകള്‍. പ്രതികളില്‍ ഉന്നതനേതാക്കള്‍ മുതല്‍ ഗുണ്ടകള്‍ വരെ. പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് നല്‍കുന്ന പ്രതിപ്പട്ടിക കണ്ണടച്ച് പിന്തുടരുന്ന പോലിസ്. 

സുപ്രീം കോടതി വരെ കേസ് നടത്തി പ്രതികളെ രക്ഷിച്ചെടുക്കാനുള്ള സുസജ്ജമായ നിയമ സാമ്പത്തിക പിന്തുണ. രക്ഷസാക്ഷികുടുംബ ഫണ്ട്. അവിശ്വസനീയമാണ് കണ്ണൂരെന്ന നാട്ടിലെ രീതികള്‍. അതേ അവിശ്വസനീയതാണ് ചെറിയ ഇടവേള പോലുമില്ലാത്തെ അവിടെ നിന്ന് നമ്മെ തേടിയെതുന്ന കൊലപാതക വാര്‍ത്തകള്‍ക്കും.

Follow Us:
Download App:
  • android
  • ios