രക്ത സാക്ഷികള്‍ക്ക് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ അഭിവാദ്യം അര്‍പ്പിക്കലും മുദ്രാവാക്യം വിളികളും നടന്നു.

തിരുവനന്തപുരം: പൊലീസിലെ രാഷ്‌ടീയ അതിപ്രസരത്തിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പൊലീസ് അസോസിയേഷന്‍ സമ്മേളങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും ചട്ടലംഘനമാണെന്നും മുന്‍ മുഖ്യമന്ത്രിമാരെ സമ്മേളനങ്ങളില്‍ പേരെടുത്ത് പറഞ്ഞ് അധിഷേപിക്കുന്നുവെന്നും ഡി.ജി.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിയമാവലി മറികടന്ന് സംഘടനയുടെ ലോഗോയിലും മാറ്റം വരുത്തി. ഇക്കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടാണ് പൊലീസ് മേധാവിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

രാഷ്‌ട്രീയേതര സംഘടനയായാണ് പൊലീസ് അസോസിയേഷനുകള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രാഷ്‌ട്രീയത്തിന്റെ അതിപ്രസരമാണ് ഇവയിലെന്ന് ഇന്റലിജന്‍സ് കുറ്റപ്പെടുത്തുന്നു. രക്ത സാക്ഷികള്‍ക്ക് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ അഭിവാദ്യം അര്‍പ്പിക്കലും മുദ്രാവാക്യം വിളികളും നടന്നു. എറണാകുളം റൂറല്‍, കോഴിക്കോട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളിലാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. പൊലീസ് അസോസിയേഷനുകള്‍ക്ക് വേണ്ടി ആരും രക്തസാക്ഷികളാവുന്നില്ലെന്നും ജോലിയുടെ ഭാഗമായി ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവരുന്ന പൊലീസുകാരെ അനുസ്മരിക്കാനും അഭിവാദ്യം അര്‍പ്പിക്കാനും സേനയ്‌ക്ക് ഔദ്ദ്യോഗികമായ സംവിധാനങ്ങളുണ്ട്. ഇതിനപ്പുറം രാഷ്‌ട്രീയ പാര്‍ട്ടികളെ പോലെ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് ചട്ട വിരുദ്ധമാണ്.

അസോസിയേഷന്‍ സമ്മേളനങ്ങളില്‍ രാഷ്‌ട്രീയപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അസോസിയേഷനില്‍ രാഷ്‌ട്രീയ നേതാക്കളെക്കുറിച്ചുള്ള ചര്‍ച്ചയോ മറ്റോ നടത്താന്‍ പാടില്ലെങ്കിലും മുന്‍ മുഖ്യമന്ത്രിമാരുടെ അടക്കം പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കണ്ടെത്തി. വിഷയം ഗൗരവതരമായി എടുക്കുന്നുവെന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ പ്രതികരിച്ചത്. ഇത് സംബന്ധിച്ച് റേഞ്ച് ഐ.ജിമാരോട് റിപ്പോര്‍ട്ട് തേടി. കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.