ദില്ലി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി സുനിൽ കുമാറിന്‍റെ കൊച്ചിയിലെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ നുണപരിശോധനക്ക് വിധേയനാക്കാൻ പൊലീസ് തീരുമാനം.കേസിലെ പ്രധാന തൊണ്ടിയായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണിത്. കേസില്‍ കുറ്റപത്രം നല്‍കിയെങ്കിലും മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതുവരെ വരെ അന്വേഷണം പൂര്‍ണമാകില്ലെന്നാണ് പൊലീസ് നിലപാട്.
നടിയെ തട്ടിക്കൊണ്ടു പോയത് ബ്ലാക്ക് മെയില്‍ ചെയ്ത് പണം ഉണ്ടാക്കാന്‍ വേണ്ടിയാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നത്. ഇതിന് വേണ്ടിയാണ് നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങല്‍ മൊബൈലില് ഫോണില് പകര്‍ത്തിയത്. പക്ഷെ ഈ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇത് വരെ കഴിഞ്ഞിട്ടില്ല. ഈസാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പൊലീസ് കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഈ മൊബൈല്‍ ഫോണിന്‍റെ കാര്യത്തില്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് സുനില്‍ കുമാര്‍ പൊലീസിന് നല്‍കിയത്.
വെണ്ണലക്ക് സമീപത്തെ ഓടയിലും ഗോശ്രീപാലത്തിന് സമീപം കായലിലും ഫോണ്‍ ഉപേക്ഷിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടങ്ങളില്‍ തെരച്ചില്‍ നടത്തുകയും ചെ്യതു.എന്നാല്‍ കീഴടങ്ങുന്നതിന് തൊട്ടു മുന്പ് കൊച്ചിയിലെ അഭിഭാഷകനായ പ്രതീഷ് ചാക്കോക്ക് ഫോണ്‍ നല്‍കിയെന്നാണ് ഏറ്റവും ഒടുവില്‍ സുനില് കുമാര്‍ മൊഴി നല്‍കിയത്. ഈ മൊഴി വിശ്വസിക്കാനാവുന്ന തരത്തില്‍ ചില തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 21 ന് പ്രതീഷ് ചാക്കൊയുടെ കൊച്ചിയിലെ ഓഫീസിലും ആലുവയിലെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. എന്നാല് സുനില്കുമാറിന്‍റെ ബാഗും വസ്ത്രങ്ങളും മാത്രമേ ലഭിച്ചുള്ളൂ. രണ്ട് തവണ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തെങ്കിലും ഇക്കാര്യം അദ്ദേഹം നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് പ്രതീഷ് ചാക്കോയെ നുണപരിശോധനക്ക് വിധേയമാക്കാന്‍പൊലീസ് ആലോചിക്കുന്നത്.
ഇതിനായി കോടതിയുടെ അനുമതി തേടും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയത് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആലുവയിലെ അഭിഭാഷകന് കൈമാറിയ മൊബൈല് ഫോണിന്‍റെ ഫോറന്സിക് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. എങ്കിലും ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാതെ അന്വേഷണം പൂര്‍ത്തിയാകില്ലെന്നാണ് പൊലീസ് നിലപാട്.
