പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

First Published 24, Mar 2018, 10:32 PM IST
pombilai orumai leaders son arrested in rape case
Highlights
  • പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി
  • പെൺകുട്ടിക്ക് ഗർഭചിദ്രം നടത്തി

മൂന്നാര്‍: മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻറെ മകൻ വിവേക് അഗസ്റ്റിനാണ് പിടിയിലായത്. വിഷാദരോഗം ബാധിച്ച കുട്ടിക്ക് കൗൺസിലിംഗ് നൽകുന്നതിനിടെയാണ് 16 കാരിയെ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. 

കണ്ണൻദേവൻ കമ്പനിയുടെ ദേവികുളം എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷനിൽ താമസിക്കുന്ന വിവേക് അഗസ്റ്റിനെയാണ് മൂന്നാർ സി.ഐ. സാം ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ടൗണിലെ കോളനി റോഡിലുള്ള ഒരു ലോഡ്ജിൽ ജീവനക്കാരനായിരുന്നു ഇയാൾ.  ലോഡ്ജിനു സമീപത്ത് താമസിച്ചിരുന്ന പതിനാറുകാരിയായ വിദ്യാർത്ഥിനിയുമായി വിവേക് പ്രണയത്തിലായി. കഴിഞ്ഞ നവംബറിൽ വിവേകിൻറെ അമ്മ താമസിക്കുന്ന വാടക വീട്ടിൽ വച്ച് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു.

ഇരുവരും തമ്മിലുള്ള പ്രണയം അറിഞ്ഞ പെൺകുട്ടിയുടെ കുടുംബം കോതമംഗലത്തേക്ക് താമസം മാറ്റി. കുട്ടിയെ അങ്കമാലിയിലെ ഒരു സ്കൂളിൽ പ്ലസ് വണ്ണിന് ചേർത്തു. ഗർഭിണിയാണെന്നറിഞ്ഞിട്ടും വിവേക് വിവാഹത്തിൽ നിന്നും പിന്മാറി.  ഇതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ തമിഴ്നാട്ടിലെത്തിച്ച് ഗർഭ ചിദ്രം നടത്തി.  

സംഭവത്തെ തുടർന്ന് വിഷാദത്തിലായ പെൺകുട്ടിയെ വീട്ടുകാർ കൗൺസിലിംഗിന് വിധേയയാക്കി. കൗൺസിലർ ഈ വിവരങ്ങൾ  അങ്കമാലി പോലീസിനെ അറിയിച്ചു. അങ്കമാലി പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് മൂന്നാർ പോലീസിന് കൈമാറി. ദേവികുളം കോടതിയിൽ ഹാജരാക്കിയ വിവേകിനെ റിമാൻറു ചെയ്തു.

loader