വരാനിരിക്കുന്ന ഓണക്കാഴ്ചകളുടെ സാമ്പിളാണ് തെക്കേ ഗോപുര നടയില്‍ അത്തം നാളില്‍ വിരിയുന്ന ഭീമന്‍ പൂക്കളം. അറുപതടി വ്യാസമുണ്ട് ഇക്കുറി ഒരുക്കിയ പൂക്കളത്തിന്. 1000 കിലോ പൂ വേണ്ടിവന്നു കളമൊരുക്കാന്‍. നൂറിലധികം പേരുടെ മൂന്നുദിവസത്തെ പരിശ്രമം. എട്ടുകൊല്ലമായി വടക്കുന്നാഥന്‍ സായാഹ്ന സൗഹൃദ കൂട്ടായ്മയാണ് അത്തം നാളില്‍ തെക്കേ നടയില്‍ പൂക്കളമിടുന്നത്. ഇക്കുറി സൗഹൃദകൂട്ടായ്മയ്‌ക്ക് കൈത്താങ്ങായി ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമെത്തി

പ്രമുഖ ഡിസൈനര്‍ ആനന്ദനാണ് പൂക്കളം വരച്ചത്. പുലര്‍ച്ചെ നാലുമുതല്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ തെക്കേ നടയിലെത്തി പൂക്കള നിര്‍മാണത്തിലണിനിരന്നു. ആറുമണിക്കൂറെടുത്തു കളം പൂര്‍ത്തിയാവാന്‍. തെക്കേനടയില്‍ അത്തം വിരിഞ്ഞതോടെ തൃശൂരിന്റെ ഓണാഘോഷങ്ങല്‍ കൊടിയേറി. ഇനി വരാനിരിക്കുന്നത് പുലിക്കളിയുടെയും കുമ്മാട്ടിയുടെയും നാളുകള്‍.