യാങ്കൂണ്‍: ചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മ്യാന്മാറിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മാര്‍പ്പാപ്പ മ്യാന്‍മറിലെത്തിയത്. ഇത് ആദ്യമായാണ് ഒരു മാര്‍പ്പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ബംഗ്ലാദേശും സന്ദര്‍ശിക്കും. 

റോഹിങ്ക്യന്‍ മുസ്ലീംഗളുടെ പ്രശ്‌നം നിലനില്‍ക്കുന്ന മ്യാന്‍മറിലേക്ക് മാര്‍പ്പാപ്പ എത്തുമ്പോള്‍ അദ്ദേഹം റോഹിങ്ക്യകളുടെ പ്രശ്‌നത്തില്‍ എങ്ങനെ ഇടപെടുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ആയിരക്കണക്കിന് വിശ്വാസികളാണ് യാങ്കൂണിലെത്തിയ മാര്‍പ്പാപ്പയെ സ്വീകരിക്കാനായി എത്തിയത്. വത്തിക്കാന്റെ മഞ്ഞയും വെള്ളയും കൊടി വീശിയാണ് അവര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത്. സ്‌നേഹവും സമാധാനവും എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് മിക്കവരും എത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി മാര്‍പ്പാപ്പ സ്‌റ്റേറ് കൗണ്‍സിലര്‍ ഓങ് സാങ് സൂചിയുമായും സൈനിക തലവനുമായും കൂടിക്കാഴ്ച നടത്തും. 

രോഹിങ്ക്യകള്‍ക്ക് അനുകൂലമായായിരുന്നു നേരത്തേ വത്തിക്കാനില്‍നിന്നുള്ള പ്രതികരണങ്ങള്‍. എന്റെ പ്രിയ രോഹിങ്ക്യന്‍ സഹോദരങ്ങളെ എന്നായിരുന്നു മാര്‍പ്പാപ്പ അവരെ അഭിസംബോധന ചെയ്തിരുന്നത്. 

അതേസമയം രോഹിങ്ക്യകളെന്ന വാക്ക് തന്നെ മ്യാന്‍മാര്‍ സന്ദര്‍ശന വേളയില്‍ ഒഴിവാക്കണമെന്നാണ് രാജ്യത്തെ സഭാ പ്രതിനിധികള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മാര്‍പ്പാപ്പ മ്യാന്‍മറിലെ രോഹിങ്ക്യകളെ സന്ദര്‍ശിക്കുന്നില്ല.