ബസിലെ പെയിന്റിംഗ്സിൽ താരങ്ങളായി പോൺസ്റ്റാർസ് വർക്കലയിലെ ചിക്കൂസ് ടൂർസ് ആൻഡ് ട്രാവൽസ് ഏകദേശം രണ്ടരലക്ഷത്തോളം രൂപ ചെലവ്
ചുവന്ന മുണ്ട് മടക്കിക്കുത്തി ഷർട്ടിടാതെ നിൽക്കുന്ന ജോണി സിൻസ്. പോൺ താരങ്ങളിലെ സൂപ്പർ സ്റ്റാർ. തൊട്ടപ്പുറത്ത് സണ്ണി ലിയോണിയും മിയാ ഖലീഫയും. കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ വർക്കലയിലെ ചിക്കൂസ് ടൂർസ് ആൻഡ് ട്രാവൽസിലെ ബസ്സുകളിലാണ് ഇവരുടെ ഈ നിൽപ്പ്. കൂട്ടത്തിൽ ജോണി സിൻസിന് ഒരു ക്യാപ്ഷനുമുണ്ട്, ''ഈ ചേട്ടൻ സൂപ്പറാ'' ട്വിറ്ററിൽ ഷെയർ ചെയ്ത ഈ ചിത്രങ്ങൾക്ക് ജോണി സിൻസ് റീട്വീറ്റ് ചെയ്തതോടെയാണ് ചിക്കൂസ് ട്രാവൽസ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഇടം പിടിച്ചിരിക്കുന്നത്. ജോണി സിൻസ് മാത്രമല്ല ഈ ബസ്സിലെ പോൺമുഖങ്ങൾ. സണ്ണി ലിയോണിയും മിയാ ഖലീഫയും ജോർഡി എൽ നിനിയും കോട്ട്നി കെയിനും അവാ ആഡൻസും ഒക്കെയുണ്ട്.
''അമേരിക്കയിൽ ഇങ്ങനെയൊരു ബസ് നിരത്തിലോടുന്നത് സങ്കൽപിച്ചു നോക്കൂ'' എന്നാണ് ജോണി സിൻസിന്റെ ട്വീറ്റ്. പോൺതാരമായ കെയ്റാൻ ലീയും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഇംപ്രസ്സീവ്' എന്നാണ് കെയ്റാൻ ലീയുടെ ട്വീറ്റ്. ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുണ്ട് പോൺസ്റ്റാറുകൾക്ക്. പോൺ താരങ്ങളിലെ സുപരിചിത പെൺമുഖം സണ്ണി ലിയോണിയെങ്കിൽ പുരുഷൻമാരിൽ ജോണി സിൻസാണ് താരം. രണ്ടര ലക്ഷം പേരാണ് ട്വിറ്ററിൽ ജോണി സിൻസിനെ ഫോളോ ചെയ്യുന്നത്.

തിരുവനന്തപുരത്തെ കല്ലമ്പലം സ്വദേശിയായ ഷെറിൻ ആണ് ചിക്കൂസ് ടൂർസ് ആന്റ് ട്രാവൽസിന്റെ ഉടമ. ''സാധാരണ കോളേജ് സ്റ്റുഡന്റ്സിന്റെ ടൂർ പരിപാടികൾക്കാണ് ഞങ്ങൾ കൂടുതലും പോകാറുള്ളത്. ബസ് ബുക്ക് ചെയ്യുമ്പോൾ തന്നെ കുട്ടികൾ സണ്ണി ലിയോണിയുടെയും മിയാ ഖലീഫയുടെയുടെയുമൊക്കെ ഫ്ലക്സ് റെഡിയാക്കി വയ്ക്കും. ബസ്സിന്റെ പുറകിലാണ് അത് കെട്ടിവയ്ക്കുന്നത്. സാധാരണ അവിടെയാണ് ട്രാവൽസിന്റെ ഫോൺ നമ്പർ ഉൾപ്പെടെയുളള വിശദ വിവരങ്ങൾ എഴുതിവയ്ക്കുന്നത്. കുട്ടികൾ ബാനർ വലിച്ചു കെട്ടുന്നതോടെ ഇതെല്ലാം മറഞ്ഞുപോകും. എന്നാൽപ്പിന്നെ അവരുടെ ഫ്ലക്സിലെ താരങ്ങളെ തന്നെ ബസ്സിൽ ചിത്രങ്ങളാക്കാമെന്ന് തീരുമാനിച്ചു. ടൂറിന് വരുന്ന കുട്ടികളിൽ നിന്നാണ് യഥാർത്ഥത്തിൽ ഇങ്ങനെയൊരു ആശയം കിട്ടിയത് തന്നെ'' ഷെറിൻ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
തൃശൂർ സ്വദേശിയായ ആർട്ടിസ്റ്റ് രതീഷ് കല്ലേറ്റുംകരയാണ് ഈ ചിത്രങ്ങളെ ബസ്സിൽ വരച്ചു ചേർത്തത്. ചിത്രങ്ങൾ വരയ്ക്കാൻ ഏകദേശം രണ്ടരലക്ഷം രൂപ ചെലവ് വന്നതായി ഷെറിൻ പറയുന്നു. ഇരുപത് ദിവസം കൊണ്ടാണ് വര തീർത്തത്. വരയിലെ വ്യത്യസ്തത കൊണ്ടാകാം ചിത്രങ്ങൾക്ക് ഇത്രയും ശ്രദ്ധ കിട്ടിയെതന്നാണ് ഷെറിന്റെ അഭിപ്രായം. ആറ് വർഷമായി ടൂർസ് ആൻഡ് ട്രാവൽസ് മേഖലയിൽ ജോലി ചെയ്യുകയാണ് ഷെറിൻ. ലോകത്തെങ്ങുമുള്ളവർ ടിറ്ററിൽ ഈ ചിത്രത്തിന് പോസിറ്റീവ് ആയ കമന്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ ചിക്കൂസ് ടൂർസിന്റെ ബസ്സുകൾ താരമായി ഓടിക്കൊണ്ടിരിക്കുന്നു.
