പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എഎസ്ഐക്കെതിരെ പോക്സോ കേസ്
കൊച്ചി: കൊച്ചിയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എഎസ്ഐ ഒളിവിൽ. തലയോലപ്പറമ്പ് സ്റ്റേഷനിലെ നാസറാണ് പഠനാവശ്യത്തിനായി കൊച്ചിയിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് നാസറിനെതിരെ പോക്സോ കുറ്റം ചുമത്തി.
കഴിഞ്ഞ മാസം 28നാണ് സംഭവം. പഠനാവശ്യത്തിനായി കൊച്ചിയിലെ സ്വകാര്യ പരിശീലന സ്ഥാപനത്തിലെത്തിയതായിരുന്നു പെൺകുട്ടി. തനിക്കൊപ്പം ലിഫ്റ്റിൽ കയറിയ നാസർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ചപ്പോൾ മുഖം അമർത്തി പിടിച്ച് ശ്വാസം മുട്ടിച്ചു.ദേഹോപദ്രവം ഏൽപിച്ചു.
രണ്ട് ദിവസത്തിന് ശേഷമാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി പെൺകുട്ടി പരാതി നൽകിയത്. വൈക്കം സ്വദേശിയായ നാസർ അന്ന് മുതൽ ഒളിവിലാണ്. മെഡിക്കൽ അവധിയിൽ പ്രവേശിക്കുകയാണെന്നാണ് ഇയാൾ ജോലി ചെയ്യുന്ന തലയോലപ്പറമ്പ് സ്റ്റേഷനിൽ അറിയിച്ചിരിക്കുന്നത്.. പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി സെൻട്രൽ പൊലീസ് അറിയിച്ചു.
