സംസ്ഥാനത്തെ 457 ക്യാംപുകളിലായി 57,000 പേര്‍... മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 37 ആയി...ഓഗസ്റ്റ് 15 വരെ കനത്തമഴയെന്ന് മുന്നറിയിപ്പ്....400 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ് പൊതുമരാമത്ത് മന്ത്രി.. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്..രാജ്നാഥ്സിംഗ് നാളെ കേരളത്തിലെത്തും..
തിരുവനന്തപുരം: മഴക്കെടുതിയില്‍ വലയുന്ന കേരളത്തില്‍ ഓഗസ്റ്റ് 15 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇടുക്കി,വയനാട്,കോഴിക്കോട്,പാലക്കാട്, മലപ്പുറം,എറണാകുളം,കോട്ടയം,തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ കൂടുതല്‍ നാശം നേരിട്ട ഇടുക്കിയിലും വയനാട്ടിലും അടുത്ത നാല് ദിവസം അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
മഴ ശക്തമാകുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇടുക്കി, ഇടമലയാര്‍ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നത് ആശ്വാസകരമാണെന്നും ഇപ്പോള്‍ ക്യാംപുകളിലുള്ളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ തിരിച്ചു പോകാന്‍ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് 457 ക്യാംപുകളിലായി 57,000 പേരുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രഅഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നാളെ കേരളത്തിലെത്തുന്നുണ്ട്.
മഴക്കെടുതി രൂക്ഷമായ ഇടുക്കി ഒഴികെയുള്ള സ്ഥലങ്ങളില്‍ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോംജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടുക്കിയില്‍ ഇറങ്ങാനായില്ലെങ്കിലും വയനാട്ടിലേയും ഏറണാകുളത്തേയും ദുരിതാശ്വാസക്യാംപുകളിലെത്തി മുഖ്യമന്ത്രി ദുരിതബാധിതരെ കണ്ടു. കോഴിക്കോട്ടെ മലയോരമേഖലകളില്‍ അദ്ദേഹം ആകാശവീക്ഷണംനടത്തി.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതും കടുത്ത വെല്ലുവിളിയാണെന്ന് സന്ദര്‍ശനശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വന്തം നിലയില്‍ ഒരു ലക്ഷം രൂപ സംഭാവന ചെയ്ത അദ്ദേഹം സമാനതകളില്ലാത്ത ദുരന്തത്തെ നേരിടുന്ന കേരളത്തെ സഹായിക്കണമെന്ന് ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.
പ്രളയത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നൽകാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും നല്‍കും. ദുരിതാശ്വാസ ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്ക് 3800 രൂപ വീതം സഹായം നല്‍കും. ഇവര്‍ക്ക് സൗജന്യ റേഷനും ഒരുക്കും. മഴയിലും വെള്ളപ്പൊക്കത്തിലും സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് നൽകാൻ നടപടി സ്വീകരിക്കും.
അതേസമയം ഇടുക്കി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം ഒഴുകിയെത്തിയിട്ടും പെരിയാറില്‍ കാര്യമായ വെള്ളപ്പൊക്ക ഭീഷണിയില്ലാത്തതിന്‍റെ ആശ്വാസത്തിലാണ് പെരിയാര്‍ തീരദേശവാസികള്‍. മിക്ക സ്ഥലത്തും ഇന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഭൂതത്താന്‍കെട്ടിലും ജലനിരപ്പ് രണ്ട് മീറ്ററോളം കുറഞ്ഞു. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസക്യംപുകളില്‍ തുടരുകയാണ്. വയനാടിലെ ദുരിതമേഖലകള്‍ പലതും പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. 37 കിലോമീറ്റര്‍ റോഡ് പൂര്‍ണമായും തകര്‍ന്നുവെന്നാണ് 400 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ് പൊതുമരാമത്ത് മന്ത്രി ജിസുധാകരന്‍ അറിയിച്ചിട്ടുള്ളത്.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 37 ആയി. ആലപ്പുഴ നെടുമുടിയില്‍ വെള്ളക്കെട്ടില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല വരട്ടാറില്‍ വെള്ളപ്പൊക്കം കാണാന്‍ പോയ ബാലനെ കാല്‍വഴുതി വീണു കാണാതായി. ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങിയ ഇന്ത്യന്‍സൈന്യവും ദുരിതാശ്വാസസേനയും ഇന്നും സജീവമായി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. തകര്‍ന്ന റോഡുകളും പാലങ്ങളും പുനസ്ഥാപിക്കുന്നതിനാണ് ഇന്ന് അവര്‍ കൂടുതല്‍ യത്നിച്ചത്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Sep 10, 2018, 3:33 AM IST
Post your Comments