ശനിയാഴ്ചയാണ് വാളയാറിനടുത്ത് അട്ടപ്പള്ളത്ത് ശെല്‍വപുരം ഭാഗ്യവതിയുടെ മകള്‍ ശരണ്യയെ വീടിനള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. വൈകുന്നേരം അച്ഛനും അമ്മയും ജോലി കഴിഞ്ഞെത്തിയപ്പോഴായിരുന്നു ഉത്തരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കുട്ടിയെ കണ്ടത്. എത്താത്ത ഉയരത്തില്‍ ഒന്‍പത് വയസ്സു മാത്രം പ്രായമുള്ള കുട്ടിക്ക് ഒറ്റക്ക് തൂങ്ങാനാകില്ലെന്ന സംശയത്തില്‍ തന്നെയാണ് പോലീസ്. മാത്രമല്ല, ഇത്ര മുറുകുന്ന കുരുക്ക് കുട്ടിക്ക് തനിയെ ഉണ്ടാക്കാനാകില്ലെന്നും പോലീസ് കരുതുന്നുണ്ട്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായിട്ടുണ്ടെന്ന് സംശയിക്കുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍.
ശരണ്യയുടെ ചേച്ചി 13 വയസ്സുകാരിയായ ഹൃതികയെ ജനുവരി 12ന് ഇതേ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടിരുന്നു. ഈ പെണ്‍കുട്ടിയും ലൈംഗിക ചൂഷണത്തിന് വിധേയയായിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നുണ്ട്. രണ്ട് കേസുകളിലും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടന്നിട്ടുണ്ടാകാമെന്ന സംശയങ്ങളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ഹൃതികയെ മരിച്ച നിലയില്‍ കാണപ്പെടുന്നതിന് തൊട്ട് മുന്‍പ് രണ്ടു പേരെ വീടിനു പരിസരിത്ത് കണ്ടതായി മരിച്ച ശരണ്യ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രണ്ട് മരണങ്ങളും പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കുന്നത്. ഹേമാംബിക നഗര്‍ സി.ഐ പ്രമാനന്ദ കൃഷ്ണയുടെ നേതൃത്തിലാണ് കേസന്വേഷിക്കുന്നത്.
കൊലപാതമെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിനോടും ശിശുക്ഷേമ സമിതി അധികൃതരോടും ആവശ്യപ്പെട്ടു. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
