2014 ജനുവരിയിലാണ് ബംഗളുരു ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍റ് എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുകയായിരുന്ന അഹബിനെ റാഗിങിനിടെയുണ്ടായ പരിക്കിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ബാംഗളുരുവിലും നാട്ടിലുമായി ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസ് നടപടികള്‍ക്കായി അഭിഭാഷകന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കുമ്പോഴാണ് നാഭിക്ക് മുകളിലായി 12 ഇഞ്ച് നീളത്തില്‍ ശസ്‌ത്രക്രിയ നടത്തിയ പാടുണ്ടെന്ന പരാമര്‍ശം ശ്രദ്ധയില്‍ പെടുന്നത്. എന്നാല്‍ വീട്ടുകാരുടെ അറിവില്‍ അഹബിന് യാതൊരു ശസ്‌ത്രക്രിയയും ചെയ്തിട്ടില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പിച്ച് പറയുന്നു.

അഹബ് ബംഗളുരുവില്‍ ചികിത്സയിലുള്ള സമയത്ത് വൃക്ക മോഷ്‌ടിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് വീട്ടുകാര്‍ കരുതുന്നത്. കണ്ണൂര്‍ സ്വദേശികളടക്കം ആറ് പേര്‍ കേസില്‍ പ്രതികളാണെങ്കിലും മൂന്ന് വര്‍ഷമായിട്ടും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ബംഗളുരു പൊലീസ് അന്വേഷിക്കുന്ന കേസില്‍ ഇടപെടാനാവില്ലെന്നാണ് കേരള പൊലീസിന്റെ നിലപാട്. കേസ് സി.ബി.ഐയ്‌ക്ക് വിടണമെന്നാവശ്യപ്പെട്ട് ബംഗലൂരു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം