സമരത്തെത്തുടർന്ന് ഗ്രാമീണ മേഖലകളിൽ പെൻഷൻ,പാസ്പോർട്ട്,ബാങ്ക് രേഖകൾ,സ്കോളർഷിപ്പുകൾ എന്നിങനെ തപാൽ വഴി വിതരണം ചെയ്യുന്ന സേവനങ്ങളെല്ലാം മുടങ്ങിക്കിടക്കുകയാണ്.

ദില്ലി: രാജ്യത്ത് കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തപാൽ ജീവനക്കാരുടെ സമരം പതിനഞ്ചാം ദിവസവും തുടരുന്നു.തപാൽ മേഖലയുടെ 89 ശതമാനവും പ്രവർത്തിക്കുന്ന ഗ്രാമീണമേഖലകളെയാണ് സമരം ഏറെ ബാധിച്ചത്.

സേവന-വേതനവ്യവസ്ഥകൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പതിനഞ്ച് ദിവസമായി ഗ്രാമീൺ ഡാക് സേവക് എന്ന പേരിൽ അറിയപ്പെടുന്ന 2,63,000 കരാർ ജീവനക്കാർ സമരം ചെയ്യുന്നത്. കരാർ ജീവനക്കാരിൽ ഭൂരിപക്ഷവും പോസ്റ്റ്മാൻ തസ്തികയിലുള്ളവരാണ്. ഈ തസ്തികയിൽ സ്ഥിരം ജീവനക്കാർ 40 ശതമാനം മാത്രമാണ്.

സമരത്തെത്തുടർന്ന് ഗ്രാമീണ മേഖലകളിൽ പെൻഷൻ,പാസ്പോർട്ട്,ബാങ്ക് രേഖകൾ,സ്കോളർഷിപ്പുകൾ എന്നിങനെ തപാൽ വഴി വിതരണം ചെയ്യുന്ന സേവനങ്ങളെല്ലാം മുടങ്ങിക്കിടക്കുകയാണ്. നിലവിൽ കരാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ആറായിരം മുതൽ 8000 രൂപ വരെ മാത്രമാണ്. പെൻഷൻ,പ്രസവാവധി,പ്രൊവി‍ഡൻറ് ഫണ്ട് എന്നീ തൊഴിൽ ആനുകൂല്യങ്ങളൊന്നും ഇവർക്കില്ല. 2016 ൽ കേന്ദ്രസർക്കാർ നിയോഗിച്ച കമലേഷ് ചന്ദ്ര കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.

പോസ്റ്റൽ സെക്രട്ടറി എ.നന്ദയുമായി ചർച്ച നടത്തിയെങ്കിലും ഒരുറപ്പും കിട്ടിയില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ പറയുന്നു. തപാൽ വകുപ്പ് മന്ത്രി സമരത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. ഈ മാസം ഒന്നിന് വാർത്താവിനിമയ മന്ത്രാലയത്തിലേക്ക് തപാൽ ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. തൊഴിലാളികളിൽ ഭൂരിപക്ഷവും അംഗങ്ങളായ ഇടത് സംഘടന നാഷണൽ ഫെഡറേഷൻ ഓഫ് എംപ്ലായീസിന് പുറമേ ഐഎൻടിയുസി ,ബിഎംഎസ് എന്നിവക്ക് കീഴിലുള്ള തൊഴിലാളി സംഘടനകളും സമരത്തിലുണ്ട്.