തപാല്‍ സമരം: അഭിമുഖ, നിയമന കാര്‍ഡ് അടക്കം കെട്ടിക്കിടക്കുന്നു

തിരുവനന്തപുരം: ജീവനക്കാരുടെ സമരത്തെ തുടർന്ന് സംസ്ഥാനത്തെ തപാൽ മേഖലയുടെ പ്രവർത്തനം നിലച്ചു. സർക്കാര്‍ ജോലിക്കുള്ള അഭിമുഖ കാര്‍‍ഡ് അടക്കം അത്യാവശ്യമായി നല്‍കേണ്ട തപാല്‍ ഉരുപ്പടികള്‍ പോലും നാലു ദിവസമായി അനങ്ങിയിട്ടില്ല. ഗ്രാമീണ മേഖലയിലെ ജീവനക്കാരുടെ വേതന പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം.

സ‍ർക്കാർ‍ സ്വകാര്യ സ്ഥാപനങ്ങളുടെ അഭിമുഖ കാര്‍ഡുകൾ, സ്കൂള്‍ കോളജ് പ്രവേശത്തിനുള്ള അറിയിപ്പ്, കിടപ്പിലായ ആള്‍ക്കാരുടെ പെൻഷൻ തുക, അത്യാവശ്യമായി കിട്ടേണ്ട കത്തുകള്‍ അതാണ് നാലുദിനമായി ഇങ്ങനെ കെട്ടിക്കിടക്കുന്നത്. സ്പീഡ് പോസ്റ്റില്‍ അയച്ചവ പോലും എങ്ങും എത്തിയില്ല. 

സംസ്ഥാനത്തെ 5500 തപാല്‍ ഓഫിസുകൾക്കും 35 റയില്‍വേ മെയില്‍ സർവീസ് കേന്ദ്രങ്ങളും അഡ്മിനിസിട്രേറ്റീവ്, അക്കൗണ്ട്സ് ഓഫിസുകൾക്കും സമരക്കാർ താഴിട്ടതോടെയാണിത്. സ്പീഡ് പോസ്റ്റല്‍ സെന്‍ററുകളും സേവിങ്സ് തപാല്‍ , തപാൽ ലൈഫ് ഇന്‍ഷുറൻസ് എന്നിവയും നിശ്ചലമാണ്. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിഡിഎസ് ജീവനക്കാർക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.

നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റല്‍ എംപ്ലോയിസ്, ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓര്‍ഗനൈസേഷൻസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ തുടങ്ങിയ പിണിമുടക്കിന് വിവിധ ട്രേഡ് യൂണിയനുകളും പിന്തുണയ്ക്കുന്നുണ്ട്.