മാനുകൾ കൂട്ടത്തോടെ ചത്തത് ശ്വാസകോശത്തിലെ അണുബാധ മൂലം

കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തിലെ പാര്‍ക്കിൽ മാനുകൾ കൂട്ടത്തോടെ ചത്തത് ശ്വാസകോശത്തിലെ അണുബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാനുകളെ ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എസ്‍പിസിഎ വനം മന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ 2 ആഴ്ചക്കിടെ ഹിൽപാലസ് മ്യൂസിയത്തിലെ പാർക്കിൽ ചത്ത 15 മാനുകളിൽ 13 എണ്ണത്തിന്റെ പോസ്റ്റമോർട്ടം റിപ്പോർട്ടിലാണ് ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചത്.2 മാനുകൾ ദഹനപ്രശ്നത്തെ തുടർന്നും ചത്തു.

മാനുകളെ ഹിൽപാലസിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വനം മന്ത്രിക്ക് സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽ കത്തയച്ചു. എസ്പിസിഎയുടേയും മൃഗസംരക്ഷണവകുപ്പിന്‍റേയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എറണാകുളം ജില്ലയിൽ പലയിടത്തും കുളമ്പു രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പുറത്ത് നിന്നുള്ള പുല്ല് മാനുകൾക്ക് നൽകുന്നത് നിർത്തിവച്ചിരിക്കുകയാണ്.

1992ൽ 26 മാനുകളുമായി പ്രവർത്തനം തുടങ്ങിയ മാൻപാർക്കിൽ നിലവിൽ 245 മാനുകളാണുള്ളത്..ഹിൽപാലസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് എന്ന സൊസൈറ്റിക്ക് കീഴിലാണ് പാർക്ക് പ്രവർത്തിക്കുന്നത്.