തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ രണ്ടു വട്ടം കറണ്ടുപോയി. രണ്ടു പ്രാവശ്യം പ്രസംഗം തടസ്സപ്പെട്ടിട്ടും പതിവ് ശൈലിയില്‍ വിമര്‍ശിക്കാനൊന്നും നില്‍ക്കാതെ മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.

ഇടത് അധ്യാപക സംഘടനയായ കെ എസ് ടി എയുടെ പൊതുവിദ്യാഭ്യാസ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാശനം നടത്താന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. എ കെ ജി ഹാളാണ് വേദി. സംസ്ഥാന കമ്മിറ്റിക്കിടെയായിരുന്നു മുഖ്യന്‍ എത്തിയത്. പൊതുവിദ്യാഭ്യാസത്തെ കുറിച്ചും യു പിയിലെ പുതിയ മുഖ്യമന്ത്രി കുറിച്ചുമെല്ലാം പിണറായി കത്തികയറുകയായിരുന്നു. അപ്പോള്‍ കറണ്ട് പോയി. കറണ്ട് പോയപ്പോള്‍ ഉടന്‍ മുഖ്യമന്ത്രി നേരെ കസേരയില്‍പോയിരുന്നു. മിന്നാമിന്നികളെ പോലെ ഹാള്‍ നിറയെ മൊബൈല്‍ വെട്ടം. കറണ്ട് വന്നപ്പോള്‍ പ്രസംഗം തുടര്‍ന്നു പത്തുമിനിറ്റായില്ല വീണ്ടും കറണ്ടു പോയി.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ വിമര്‍ശമുന്നിയിക്കുന്ന പിണറായി ശൈലി ഉണ്ടായില്ല. പിന്നെയും അരമണിക്കൂര്‍ അധ്യാപകരോട് പ്രസംഗിച്ചായിരുന്നു മുഖ്യമന്ത്രി മടങ്ങിയത്. പക്ഷെ പെട്ടെന്ന് വൈദ്യുതി പോയി മുഖ്യമന്ത്രി ഇരുട്ടത്തിരുന്നിട്ടും സുരക്ഷ ജീവനക്കാരൊന്നും വേദിയിലുണ്ടായിരുന്നില്ല.