മെക്‌സിക്കന്‍ സിറ്റി: മെക്‌സിക്കന്‍ തലസ്ഥാന നഗരിയെ വിറപ്പിച്ച് ഇന്നലെയുണ്ടായ വന്‍ ഭൂചലനത്തില്‍ 119 മരണം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ചില കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്. ഇവയ്ക്കുള്ളില്‍ ആള്‍ക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആയിരക്കണക്കിന് ജനങ്ങള്‍ ഓഫിസുകളും വീടുകളും ഉപേക്ഷിച്ച് തെരുവിലേക്ക് ഓടിയിറങ്ങി.

മെക്‌സിക്കോ സിറ്റിയില്‍നിന്ന് നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയായ മെക്‌സിക്കോയില്‍ ഈ മാസമാദ്യം ഉണ്ടായ വന്‍ ഭൂചലനത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആയിരങ്ങള്‍ കൊല്ലപ്പെട്ട 1985ലെ ഭൂകമ്പത്തിന്റെ വാര്‍ഷികമായിരുന്നു ഇന്നലെ.