പത്തനംതിട്ട: എണ്‍പതുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് പൊക്കിയത് മണിക്കൂറുകള്‍ക്കുള്ളില്‍. 
പത്തനംതിട്ട പ്രക്കാനം വല്ല്യവട്ടത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആണ് തിങ്കളാഴ്‌ച രാത്രി ഒമ്പതരയോടെ പ്രതി ചെല്ല ദുരെ അതിക്രൂരമായി പീഡിപ്പിച്ചത്. സമീപവാസികള്‍ ഇവരെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലാക്കി. ഡോക്‌ടര്‍ നടത്തിയ പരിശോധനയിലാണ്‌ വയോധികയെ ഉപദ്രവിച്ചതായികണ്ടെത്തിയത്‌. രണ്ടു പേര്‍ ചേര്‍ന്നാണ്‌ തന്നെ ആക്രമിച്ചതെന്ന മൊഴിയും പോലീസിന് ഇവര്‍ നല്‍കി.

ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ ഒരു ബീഡികുറ്റിയും ലൈറ്ററും മാത്രമാണ് പോലീസിന് ലഭിച്ചത്. ശാസ്‌ത്രീയ പരിശോധനാ സംഘമെത്തി പ്രതി വലിച്ച ബീഡിയുടെ കുറ്റി, ഉപയോഗിച്ച ലൈറ്റര്‍ എന്നിവ പരിശോധിച്ചു. ഇതിന്‌ പുറമേ ജനാലയുടെ തടികൊണ്ടുള്ള അഴികള്‍ ഇടിച്ചു തകര്‍ത്തപ്പോള്‍ കൂര്‍ത്തിരുന്ന ഭാഗം കൊണ്ട്‌ പ്രതിയുടെ മുതുകില്‍ രണ്ടിടത്ത്‌ പരുക്കേറ്റിരുന്നു. ജനാലയുടെ ഭാഗത്ത്‌ പ്രതിയുടെ രക്‌തവും തൊലിയും പറ്റിപ്പിടിച്ചു കിടന്നിരുന്നു. ശാസ്‌ത്രീയ പരിശോധനയില്‍ ഇത്‌ ചെല്ലദുരൈയുടേതാണെന്ന്‌ സ്‌ഥിരീകരിക്കപ്പെട്ടു.

തെറുപ്പ്‌ ബീഡിയാണ്‌ പ്രതി ഉപയോഗിച്ചതെന്ന്‌ മനസിലാക്കി ഇതുമായി സമീപത്ത്‌ ബീഡി തെറുക്കുന്നവരെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതിയെപ്പറ്റി ആദ്യ സൂചന ലഭിച്ചു. പ്രത്യേക നിറത്തിലുള്ള ലൈറ്ററാണ്‌ ഇയാള്‍ ഉപയോഗിക്കുന്നതെന്നും മനസിലാക്കി. തുടര്‍ന്ന്‌ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ്‌ ചോദ്യം ചെയ്‌തപ്പോള്‍ ചെയ്‌തതെല്ലാം ഇയാള്‍ പറയുകയായിരുന്നു.

വയോധികയുടെ വീടിന്‌ തൊട്ടടുത്ത പറമ്പിലെ റബര്‍ മരങ്ങളാണ്‌ ഇയാള്‍ ടാപ്പ്‌ ചെയ്‌തിരുന്നത്‌. പലപ്പോഴും കണ്ടും സംസാരിച്ചും ചെല്ലദുരൈയും കുടുംബവുമായി വയോധിക പരിചയം ഉണ്ടാക്കിയിരുന്നു. ഭാര്യയും ചെല്ലദുരൈയുമായി വഴക്കും ബഹളവും പതിവായിരുന്നുവെന്ന്‌ സമീപവാസികള്‍ പറഞ്ഞു. പ്രതിയുടെ ഭാര്യ വയോധികയ്‌ക്ക്‌ വേണ്ട സഹായങ്ങള്‍ ചെയ്‌തു നല്‍കിയിരുന്നു. 

സംഭവം നടക്കുന്നതിന്റെ തലേന്ന്‌ പ്രതിയുടെ ഭാര്യ മാര്‍ത്താണ്ഡത്തേക്ക്‌ പോയിരുന്നു. സംഭവ ദിവസം ഉച്ചയോടെ സമീപത്തെ ഇടവഴിയിലൂടെ പോയ ചെല്ലദുരൈയോട്‌ വയോധിക സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഇതാണ്‌ വൈകിട്ട്‌ മദ്യപിച്ച ശേഷം വീട്ടില്‍ കയറാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. 

വീടിന്‍റെ പിന്നില്‍ രണ്ടു തടി ജനലുകളാണ്‌ ഉള്ളത്‌ ഇതില്‍ ഒരെണ്ണം വഴി ചെല്ലദുരൈ മുമ്പൊരിക്കല്‍ വീട്ടില്‍ കടന്ന്‌ മോഷണം നടത്തിയിരുന്നുവെന്ന്‌ പോലീസിനോട്‌ പറഞ്ഞു. തിങ്കളാഴ്‌ച ചെന്നപ്പോള്‍ ആ ജനല്‍ അടഞ്ഞു കിടക്കുകയായിരുന്നു. രണ്ടാമത്തെ ജനല്‍ പരിശോധിച്ചപ്പോള്‍ അതിന്‌ കൊളുത്തില്ലെന്ന്‌ കണ്ടെത്തിയാണ്‌ അഴികള്‍ തകര്‍ത്ത്‌ അകത്തു കടന്നത്‌.

പ്രതി കഞ്ചാവിന്‌ അടിമയാണെന്ന്‌ നാട്ടുകാരും മുന്‍പ്‌ ഇയാള്‍ ചായക്കട നടത്തിയിരുന്ന ഇലന്തൂരിലുള്ളവരും പറയുന്നു. പോലീസ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. അതേ സമയം, ഇയാള്‍ മദ്യത്തിന്‌ അടിമയാണെന്ന്‌ പോലീസ്‌ പറയുന്നുമുണ്ട്‌. ഇന്നലെ വൈകിട്ട്‌ നാലുമണിയോടെ ഇയാളെ തെളിവെടുപ്പിന്‌ കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ അസഭ്യം വിളിച്ചു.