കര്‍ണാടക കാവിയണിയില്ല സംസ്ഥാന രാഷ്ട്രീയം ഇനി  കലുഷിതമാകും പ്രകാശ് രാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ബംഗളുരു: കര്‍ണാടക കാവി അണിയാന്‍ പോകുന്നില്ലെന്നും സംസ്ഥാനം വര്‍ണ്ണ ശബളമാകുമെന്നും നടന്‍ പ്രകാശ് രാജ്. വിശ്വാസവോട്ടെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കളി തുടങ്ങും മുമ്പ് അവസാനിച്ചു. 56 ന് 55 മണിക്കൂറുകള്‍ പോലും പിടിച്ച് നില്‍ക്കാനായില്ല. താമശയ്ക്ക് അപ്പുറം, ജനങ്ങളെ ഇനി കൂടുതല്‍ കലുഷിതമായ രാഷ്ട്രീയ കളികള്‍ക്കായി കാത്തിരിക്കാം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് തുടരും... പ്രകാശ് രാജ് തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 

കര്‍ണാചകയിലെ അധികാര വടംവലിയെ പരിഹസിച്ച് നേരത്തെയും പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ കുതിരക്കച്ചവടത്തില്‍നിന്ന് രക്ഷപ്പെടാന്‍ എംഎല്‍എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ്-ജെഡിഎസ് നീക്കത്തെ പരിഹസിച്ചായിരുന്നു പ്രകാശ് രാജിന്‍റെ പോസ്റ്റ്. തന്‍റെ പക്കല്‍ 117 എംഎല്‍എമാരുണ്ടെന്നും തനിക്ക് ഭരണം നല്‍കണമെന്നും ആവശ്യപ്പെട്ട് റിസോര്‍ട്ട് ഉടമ ഗവര്‍ണറെ കണ്ടുവെന്നായിരുന്നു പരിഹാസം. 

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും വിവേചനാധികാരമെന്ന പേരില്‍ ഗവര്‍ണര്‍ വാജുപേയി വാല ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുകയയായിരുന്നു. പണവും സ്വാധീനവും ഭീഷണിയും അധികാരം പിടിച്ചെടുക്കാനുള്ള ലൈസന്‍സായി ബിജെപി ഉപയോഗിക്കുകയാണെന്ന് ഇതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. മന്ത്രിസഭ രൂപീകരിക്കാന്‍ 15 ദിവസം സമയമാണ് ഗവര്‍ണര്‍ യെദ്യൂരപ്പയ്ക്ക് നല്‍കിയത്. തുടര്‍ന്ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ 55 മണിക്കൂര്‍ പിന്നിടുമ്പോള്‍ യെദ്യൂരപ്പയ്ക്ക് രാജിവച്ച് ഒഴിയേണ്ടി വന്നു.