കോഴിക്കോട്: മാവോയിസ്റ്റാണെന്ന് ആരോപിച്ച് കോഴിക്കോട് കസബ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചതായി യുവാവിന്‍റെ പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പുതിയങ്ങാടി സ്വദേശി പ്രമോദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇത്തരമൊരു സംഭവം തന്നെ നടന്നിട്ടില്ലെന്നാണ് കസബ പൊലീസ് പറയുന്നത്.

കോഴിക്കോട് മാനാഞ്ചിറയില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെയാണ് പുതിയങ്ങാടി സ്വദേശി പൂളപ്പുറത്ത്പടിക്കല്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മാവോയിസ്റ്റാണെന്ന് ആരോപിച്ച് കസബ പൊലീസ് സ്റ്റേഷനില്‍ കൊണ്ട് പോയെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇദ്ദേഹം ആരോപിക്കുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ പ്രമോദിനെ പൊലീസ് റോഡരികില്‍ തള്ളുകയായിരുന്നുവത്രെ. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പിന്നീട് പൊലീസ് തന്നെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം.