കൊല്ലപ്പെട്ട കര്‍ണ്ണാടക പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തെക്കുറിച്ച് നികൃഷ്ടമായ പ്രസ്ഥാവനയുമായി ശ്രീരാമ സേനാ അദ്ധ്യക്ഷന്‍ പ്രമോദ് മുത്തലിക്.

ബംഗളൂരു: കൊല്ലപ്പെട്ട കര്‍ണ്ണാടക പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തെക്കുറിച്ച് നികൃഷ്ടമായ പ്രസ്ഥാവനയുമായി ശ്രീരാമ സേനാ അദ്ധ്യക്ഷന്‍ പ്രമോദ് മുത്തലിക്. ബാംഗളൂരുവിലെ പൊതുയോഗത്തിലാണ് മുത്തലിക്കിന്‍റെ വിവാദ പരാമര്‍ശം. ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്ന സംശയത്തിന് കീഴിലാണ് ശ്രീരാമസേന. കഴിഞ്ഞ ദിവസം ഗൗരി ലങ്കേഷിനു നേരെ വെടിവെച്ചെന്ന കുറ്റത്തിന് പരശുറാം വാഗ്മര്‍ എന്നയാളെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ശ്രീരാമസേന അംഗമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസിലെ മുഖ്യപ്രതിയായ പ്രവീണിന്റെ മൊഴി അനുസരിച്ചാണ് പരശുറാമിന്റെ അറസ്റ്റ്. 

കോൺഗ്രസ് ഭരണകാലത്ത് കർണാടകയിലും മഹാരാഷ്ട്രയിലും രണ്ട് കൊലപാതകങ്ങൾ നടന്നു. എന്നാല്‍ അന്നൊന്നും കോൺഗ്രസ് സർക്കാരിന്റെ പരാജയത്തെപ്പറ്റി ആർക്കും മിണ്ടാനില്ലായിരുന്നു. പകരം എല്ലാവരും ചോദിക്കുന്നത്, ഗൗരി ലങ്കേഷ് വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നാണ്. കർണാടകയിൽ ചില നായ്ക്കൾ മരിക്കുന്നതിൽ മോദി പ്രതികരിക്കുന്നത് എന്തിനാണെന്ന് പ്രമോദ് മുത്തലിക് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാല്‍ കർണാടകയിലെ എല്ലാ മരണങ്ങൾക്കും മോദി മറുപടി പറയേണ്ടതില്ലെന്നാണ് താന്‍ പ്രസംഗിച്ചതെന്നും താൻ ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ചിട്ടില്ലെന്നും മുത്തലിക് പറഞ്ഞു. എന്നല്‍ പരശുറാം വാഗ്മോര്‍ ശ്രീരാമസേന അംഗമല്ലെന്നും പ്രമോദ് പറഞ്ഞു. ശ്രീരാമസേനയുമായോ ജനജാഗ്രതി സമിതിയുമായോ ബന്ധമുള്ള ആളുകളെയല്ല അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അവരെല്ലാം നിരപരാധികളായ ഹിന്ദുക്കളാണ്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരകളാണ് അവരെല്ലാം പ്രമോദ് പറഞ്ഞു. 

പ്രവീണ്‍, പരശുറാം, ഹിന്ദു യുവസേന സ്ഥാപകൻ കെ.ടി.നവീൻ കുമാർ, അമോൽ കാലെ, അമിത് ദേഗ്വേക്കർ, മനോഹർ ഇവ്ഡെ എന്നിങ്ങനെ ആറു പേരാണ് ഗൗരി ലങ്കേഷ് വധത്തില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

ശ്രീരാമസേന, ഹിന്ദു ജനജാഗ്രതി സമിതി എന്നീ സംഘടനകള്‍ക്ക് ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. ഈ രണ്ട് സംഘടനകള്‍ക്കും ഗോവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സനാദന്‍ സന്‍സ്ത എന്ന ഹിന്ദു തീവ്രവാദസംഘടനയുമായി ബന്ധമുണ്ട്.