പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രണബിൻറെ പേരും സമവായസ്ഥാനാർത്ഥിയാകാമെന്ന് ശിവസേന മുഖപത്രം പ്രാദേശിക പാർട്ടികൾക്കും സ്വീകാര്യൻ

ദില്ലി: അടുത്ത തെരഞ്ഞെടുപ്പിനു ശേഷം പ്രണബ് മുഖർജി പ്രധാനമന്ത്രിസ്ഥാനത്തേക്ക് സമവായ സ്ഥാനാർത്ഥിയാകാം എന്ന വാദവുമായി ശിവസേന. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിയാതെ പോയാല്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നാണ് ശിവസേനയുടെ പരാമര്‍ശം. തൃണമൂൽ കോൺഗ്രസ് ഉൾപ്പടെ ചില പ്രാദേശിക പാർട്ടികളിൽ നിന്ന് ഇത്തരം സൂചനകൾ പുറത്തുവരുമ്പോഴാണ് എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തുന്നത്.

ആർഎസ്എസ് ആസ്ഥാനത്ത് പ്രണബ് മുഖർജി നടത്തിയ പ്രസംഗത്തെയും നാഗ്പൂർ സന്ദർശനത്തെയും എതിർത്തും അനുകൂലിച്ചുമുള്ള വാദങ്ങൾ തുടരുകയാണ്. കോൺഗ്രസ് ഔദ്യോഗികമായി സ്വാഗതം ചെയ്തപ്പോൾ മനീഷ് തിവാരിയും ജയറാം രമേശും ഉൾപ്പടെയുള്ള നേതാക്കൾ പ്രണബിനെ എതിർക്കുകയാണ്. ശിവസേന മുഖപത്രമായ സാമ്നയിൽ പ്രണബ് 2019-ൽ സമവായം ആവശ്യമെങ്കിൽ പ്രധാനമന്ത്രി എന്ന വാദം മുന്നോട്ടു വച്ചതോടെ ഈ ദിശയിലുള്ള ചർച്ചകൾക്കും തുടക്കമാകുകയാണ്. ദില്ലിയിൽ ഈ അഭ്യൂഹം ഒരു മാസമായി പ്രചരിക്കുന്നുണ്ട്.

2019-ൽ നരേന്ദ്ര മോദിക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്ന് കോൺഗ്രസ് നേതൃത്വത്തിൽ ഒരു യുപിഎ സർക്കാർ. രണ്ട് നരേന്ദ്ര മോദി മാറി നി്ന്ന് പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ എൻഡിഎ സർക്കാർ, മൂന്ന് കോൺഗ്രസിൻറെയോ ബിജെപിയുടെയോ പുറമെ നിന്നുള്ള സഹായത്തോടെ പ്രാദേശിക പാർട്ടികളുടെ സർക്കാർ. ഇതിൽ മൂന്നാമത്തെ സാഹചര്യം വന്നാൽ ആരാകും എന്നിടത്താണ് പ്രണബ് മുഖർജിയുടെ പേര് അഭ്യൂഹങ്ങളിൽ നിറയുന്നത്.

തൃണമൂൽ , ബിജു ജനതാദൾ, ജെഡിയു, ശിവസേന തുടങ്ങിയ പ്രാദേശിക പാർട്ടികൾക്ക് പ്രണബ് സ്വീകാര്യനാണ്. നിയന്ത്രണത്തിൽ നില്ക്കാത്ത മറ്റൊരു കോൺഗ്രസ് നേതാവിനെ അംഗീകരിക്കില്ലെന്നതാണ് നെഹ്റു കുടുംബത്തിൻറെ നയമെങ്കിലും കോൺഗ്രസിനും മറ്റു വഴിയുണ്ടാവില്ല. ഇനി ബിജെപിയുടെ പുറത്തു നിന്നുള്ള പിന്തുണയുള്ള സർക്കാരാണെങ്കിലും കോൺഗ്രസിനെ മാറ്റി നിറുത്താൻ പ്രണബിനെ അനുകൂലിക്കാൻ ആർഎസ്എസ് പുതിയ സാഹചര്യത്തിൽ തയ്യാറാവും. അദ്വാനി പ്രണബിനെ പുകഴ്ത്തിയതും ശ്രദ്ധേയമാണ്. എന്തായാലും വെറുതെ വാർത്താതാരമാകാൻ മാത്രമല്ല പ്രണബ് മുഖർജി ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത് എന്ന് അനുമാനിക്കാം