കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി സുനിൽകുമാറിന്റെ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോ ചോദ്യം ചെയ്യാനായി പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. കുറ്റവാളിയല്ലെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നായിരുന്നു പ്രതി സുനില്‍ കുമാര്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പ്രതീഷ് ചാക്കോയ്ക്ക് പൊലീസ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഇയാള്‍ ഹാജരായിരുന്നിസ്സ. ഇന്ന് അന്വേഷണ സംഘം പ്രതീഷ് ചാക്കോയ്ക്ക് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, പ്രതീഷ് ചാക്കോയെ കേസില്‍ പ്രതി ചേർത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.