പ്രവാസി യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടമാകുന്നത് തുടര്‍ക്കഥ

കൊച്ചി: ബാഗേജിലെ വിലപിടിപ്പുള്ള സാധനങ്ങളും പാസ്പോര്‍ട്ടും കാണാതായതുമായി ബന്ധപ്പെട്ട് 2017 ജനുവരി മുതല്‍ ഇതുവരെ കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത് 59 കേസുകള്‍. സാധനങ്ങള്‍ നഷ്ടപ്പെട്ട കേസുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് പ്രതികളെ കണ്ടെത്താനായത്. അതില്‍ ഒരു കേസിലെ പ്രതിയാകട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥനും.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരുടെ ലഗേജുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായ സംഭവങ്ങള്‍ ഒരാഴ്ചക്കിടെ അഞ്ചെണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തത്.ലഗേജില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയാണ് പ്രധാനമായും നഷ്ടമാകുന്നത്. ഈ വര്‍ഷം ജനുവരിയില്‍ അഞ്ചും ഫെബ്രുവരിയില്‍ പന്ത്രണ്ടും ഇത്തരം കേസുകള്‍ കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു.

യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ട 42 കേസുകളാണ് 2017 ല്‍ കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. അതായത് മാസത്തില്‍ ശരാശരി നാല് കേസുകള്‍. ഇത്തരത്തില്‍ പരാതിപ്പെടാത്തവ കൂടി കൂട്ടിയാല്‍ എണ്ണം എത്രയോ ഉയരും. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തവയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ചില കേസുകള്‍ക്ക് മാത്രമാണ് പരിഹാരമായത്. പാസ്പോര്‍ട്ട് മറന്ന് വച്ചത് തിരികെ ലഭിച്ചതാണ് ഇവയെല്ലാം.

ബാഗില്‍ നിന്ന് സ്വര്‍ണ്ണമാല മോഷ്ടിച്ച കേസിലും ബാഗ് നഷ്ടപ്പെട്ട കേസിലും മാത്രമാണ് പ്രതികളെ പിടികൂടാനായത്. മൂന്ന് പവര്‍ സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് പ്രതി. 30,000 രൂപയുടെ സാധനങ്ങളുള്ള ബാഗ് മോഷ്ടിച്ച കേസിലെ പ്രതി മറ്റൊരു യാത്രക്കാരനും.

ഈ വര്‍ഷം ബാഗേജുകളില്‍ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെട്ട കേസില്‍ ഒരാളെപ്പോലും പിടികൂടിയിട്ടില്ല. ഇത്തരം കേസുകള്‍ 90 ശതമാനത്തിനും തുമ്പില്ലെന്നര്‍ത്ഥം. വസ്തുക്കള്‍ നഷ്ടപ്പെടുന്നതായി തുടരെ തുടരെ പരാതി ഉയര്‍ന്നിട്ടും ഉത്തരവാദികളെ കണ്ടെത്താത്ത എയര്‍പോര്‍ട്ട് അധികൃതരുടെ നിലപാടിനെതിരെ വ്യാപകമായ വിമര്‍ശനമുണ്ട്.

മുക്കിലും മൂലയിലും സിസി ടിവി ക്യാമറകള്‍ ഉണ്ടെന്നിരിക്കെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നിരീക്ഷണം കര്‍ശനമാക്കി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാവുന്നതാണ്. കേസുകളുടെ എണ്ണം കൂടുമ്പോള്‍ പോലീസ് അന്വേഷിക്കട്ടെ എന്ന് പറഞ്ഞ് കൈമലര്‍ത്തുന്നത് യാത്രക്കാരെ കൂടുതല്‍ അരക്ഷിതരാക്കുകയാണ്.

കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത യാത്രക്കാരുടെ സാധനങ്ങളും പാസ്പോര്‍ട്ടും നഷ്ടപ്പെട്ട കേസുകള്‍ ഇങ്ങനെയാണ്. 2017ല്‍ ജനുവരി- എട്ട്, ഫെബ്രുവരി-ഒന്‍പത്, മാര്‍ച്ച്-രണ്ട്, ഏപ്രില്‍ -ഒന്ന്, മെയ് -മൂന്ന്, ജൂണ്‍ -ഒന്ന്, ജൂലൈ -മൂന്ന്, ഓഗസ്റ്റ്- മൂന്ന്, സെപ്റ്റംബര്‍ -നാല്, ഒക്ടോബര്‍ -രണ്ട്, നവംബര്‍- മൂന്ന്, ഡിസംബര്‍- മൂന്ന് എന്നിങ്ങനെയാണ് കേസുകള്‍. 2018ല്‍ ജനുവരി- അഞ്ച്, ഫെബ്രുവരിയില്‍ 12 കേസുകളും രജിസ്റ്റര്‍ ചെയ്തു.