ദില്ലി: പ്രധാനമന്ത്രിയുടെ ഗോരക്ഷ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ രംഗത്തെത്തി. ഗോരക്ഷകരെ തള്ളി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന രാജ്യത്തെ ഹിന്ദുക്കളെ വേദനിപ്പിച്ചെന്ന് പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ പ്രവീണ്‍ തൊഗാഡിയ കരഞ്ഞു.
ഗോരക്ഷയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വി.എച്ച്.പി നേതാവ് പ്രവീണ്‍തൊഗാഡിയ കരഞ്ഞത്. ഇടക്കിടക്ക് പാക്കിസ്ഥാനില്‍ പോകുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ പശുക്കളെ രക്ഷിക്കാന്‍ കഴിയുന്നില്ല. ഗോരക്ഷയെ ദളിത് സുരക്ഷയുമായി ബന്ധിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.
ഗോരക്ഷകര്‍ക്ക് എല്ലാ നിയമസഹായവും വി.എച്ച്.പി നല്‍കും. രാജ്യത്ത് പശുക്കളെ കൊല്ലുന്നതും ബീഫ് കയറ്റുമതിയും പൂര്‍ണമായി നിരോധിക്കണം. എല്ലാ ഗോരക്ഷകര്‍ക്കും വി.എച്ച്.പി നിയമസഹായം നല്‍കുമെന്നും ദില്ലിയില്‍ തൊഗാഡിയ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ നിലപാടെടുക്കരുതെന്ന ആര്‍.എസ്.എസിന്റെ ആവശ്യംതള്ളിയാണ് പ്രവീണ്‍ തൊഗാഡിയ ദില്ലിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.
