ജിദ്ദ: സൗദ്ദിയിലെ ആദ്യകാല മലയാളി പ്രവാസികളെ ആദരിച്ചു. മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം അന്‍പത് വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഫോക്കസ് ജിദ്ദയാണ് ആദ്യകാല പ്രവാസികളെ ആദരിച്ചത്. എഴുപതുകളില്‍ സൗദിയിലെത്തി ജിദ്ദയില്‍ ഇപ്പോഴും അവശേഷിക്കുന്ന പത്തൊമ്പത് മലയാളികളെ ചടങ്ങില്‍ ആദരിച്ചു.
കപ്പല്‍ മാര്‍ഗമുള്ള ദുരിതയാത്ര, ഹജ്ജ് വിസയില്‍ കുറഞ്ഞ വേതനത്തിന് ജോലി, കുടുംബവുമായി ബന്ധപ്പെടാന്‍ പ്രയാസം അനുഭവിച്ച വര്‍ഷങ്ങള്‍, നിയമവിരുദ്ധമായി സൗദിയില്‍ എത്തിയവര്‍ക്ക് നിയമവിധേയമായി ജോലി ചെയ്യാന്‍ ഫോര്‍ട്ടിഫോര്‍ സംവിധാനം. അങ്ങിനെ ആദ്യകാലത്ത് നേരിട്ട കയ്പ്പും മധുരവുമുള്ള അനുഭവങ്ങള്‍ ഇവര്‍ സദസ്സുമായി പങ്കുവെച്ചു. ഭൂമി വിറ്റ് എഴുപത്തിയാറില്‍ സൌദിയിലെത്തി നഗര ശുചീകരണ ജോലിയില്‍ തുടങ്ങി ഇന്ന് നൂറുക്കണക്കിന് തൊഴിലാളികള്‍ക്ക് അത്താണിയായ കഥയും സദസ് കൌതുകത്തോടെ കേട്ടു.
ബഷീര്‍ വള്ളിക്കുന്ന് അവതരിപ്പിച്ച ടോക്ക്‌ഷോയിലൂടെയാണ് ആദ്യകാല പ്രവാസികള്‍ അനുഭവങ്ങള്‍ പങ്കു വെച്ചത്. പ്രവാസം അറ്റ് ഫോര്‍ട്ടി എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ആദ്യകാല പ്രവാസിയും, വ്യവസായിയുമായ വി.പി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.>
