ഖത്തറില്‍ നിന്ന് വേനലവധി ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മലമ്പനിക്കെതിരായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മുന്നറിയിപ്പ് നല്‍കി. വേനലവധി ആഘോഷിക്കാന്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ രോഗബാധിതരായി തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്
വേനലവധി തുടങ്ങുന്നതോടെ രാജ്യത്തെ സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് അവധിക്കാലം ചെലവഴിക്കാന്‍ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാറുള്ളത്. ഇക്കൂട്ടത്തില്‍ മലമ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളും ഉള്‍പെടും. ഇതിന്റെ ഫലമായി പ്രതിവര്‍ഷം നൂറിലധികം പേരില്‍ മലേറിയ പിടിപെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോക മലേറിയ ദിനത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് മലേറിയക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നിര്‍ദേശിച്ചത്. ഇതിന്റെ ഭാഗമായി മലേറിയക്കെതിരെ ബോധവത്കരണ പരിപാടികള്‍ക്കും എച്ച്.എം.സി തുടക്കമിട്ടു. മലേറിയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ കൊതുക് പ്രതിരോധ ക്രീമുകള്‍. കൊതുക വല കൈ-കാലുകള്‍ മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്‌ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതോടൊപ്പം രാത്രി കാലങ്ങളില്‍ പുറത്ത് പോകുന്നത് പരമാവധി ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
