ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സുഞ്ജുവാന്‍ സൈനിക ക്യാംപിന് പിന്നിലെ ക്വാര്‍ട്ടേര്‍സില്‍ നടന്ന ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി പെണ്‍കുഞ്ഞിന് ജന്മംനല്‍കി. ജമ്മുവിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതിയുടെ പ്രസവം.

റൈഫിള്‍മാന്‍ നസീര്‍ അഹമ്മദിന്റെ ഭാര്യയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞും അമ്മയും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഭീകരരുടെ വെടിയേറ്റ പതിനൊന്ന് പേരില്‍ ഒരാളാണ് ഇവര്‍. ഭീകരാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെയും ശിശുവിന്റെയും ജീവന് രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു കരസേനയിലെ ഡോക്ടര്‍മാര്‍. സിസേറിയന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് കുഞ്ഞിന്‌റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് കരസേനാ മേധാവി ദേവ്വേന്ദര്‍ ആനന്ദ് പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ഭീകരാക്രമണത്തില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. എന്നാല്‍ അഞ്ച് സൈനികരടക്കം ആറ് പേരുടെ ജീവനെടുത്ത ഭീകരരുടെ വെടിയേറ്റ് മറ്റ് 11 പേര്‍ ചികിത്സയിലാണ്. ഇവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെയാണ് സുഞ്ജുവാന്‍ സൈനിക ക്യാംപിന്റെ പിറകിലുളള സൈനിക ക്വാര്‍ട്ടേര്‍സിലേക്ക് ഭീകരര്‍ കടന്നത്.