ഭാര്യാ സഹോദരനെ പ്രണയിച്ച് വിവാഹം ചെയ്തു സഹോദരിയെ സഹോദരന്‍ വെടിവെച്ചു കൊന്നു
സോണിപത്: കുടുംബത്തിന്റെ എതിര്പ്പ് വകവയ്ക്കാതെ ഭാര്യാ സഹോദരനെ പ്രണയിച്ച് വിവാഹം ചെയ്തതിന് ഗര്ഭിണിയായ സഹോദരിയെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ സോണിപതിൽ ആണ് ആറു മാസം ഗർഭിണിയായ നിക്കോയെന്ന യുവതിയെ സഹോദരന് വിക്രം വെടിവച്ചു കൊന്നത്. സോണിപതിലെ ലാതിലാണ് സംഭവം. കഴുത്തിന് വെടിയേറ്റ നിക്കോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം വിക്രമും സംഘവും ജില്ല വിട്ടതായി പൊലീസ് പറഞ്ഞു. ഭാര്യാസഹോദരനെ വിവാഹം കഴിച്ചതിലുള്ള വിരോധമാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലാസ് പറഞ്ഞു. ചാപ്പാർ സ്വദേശിയായ വിക്രം ലാതിൽനിന്നാണ് വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷം വിക്രമിന്റെ സഹോദരി നിക്കോ ഭാര്യാസഹോദരൻ ദീപക്കുമായി പ്രണയത്തിലാവുകയായിരുന്നു. വിക്രമിന്റെ കുടുംബം ഇവരുടെ ബന്ധം എതിർത്തിട്ടും വിലക്ക് വകവെയ്ക്കാതെ മൂന്നു വർഷം മുമ്പ് ദീപക്കിനെ നിക്കോ വിവാഹം ചെയ്തു.
ഇതെതുടര്ന്ന് വിക്രമും കുടുംബവും സഹോദരിയുമായി അകല്ച്ചയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ലാതിലെത്തിയ വിക്രമും സുഹൃത്തുക്കളും വീട്ടില് കയറി ഉറങ്ങിക്കിടന്ന നിക്കോയുടെ കഴുത്തില് വെടിയുതിര്ക്കുകയായിരുന്നു. പ്രതികള്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
